കോട്ടയം : കൊവിഡ് ബാധിച്ച് രണ്ട് കോട്ടയം സ്വദേശികൾ വിദേശത്ത് മരിച്ചു. അമേരിക്കൻ മലയാളി മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (തങ്കച്ചൻ – 64) ഷിക്കോഗോയിലെ ഡെസ്‌ പ്ലെയിൻസിലും, യു.കെയിൽ നഴ്സായ വെളിയന്നൂർ സ്വദേശി അനൂജ് കുമാർ (41) ലണ്ടനിലുമാണ് മരിച്ചത്. സെബാസ്റ്റ്യൻ 11 വർഷത്തോളമായി അമേരിക്കയിലെ ഡിസ്‌പ്ലൈസിൽ കുടുംബസമേതമാണ് കഴിയുന്നത്. മാന്നാനത്തെ വീട് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. അടുത്ത ബന്ധുക്കൾ മാത്രമാണ് പ്രദേശത്തുള്ളത്. ഇന്നലെ രാവിലെയാണ് സെബാസ്റ്റ്യൻ മരിച്ച വിവരം ബന്ധുക്കൾ അറിഞ്ഞത്. രണ്ടാഴ്ചയാലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ : ജൈനമ്മ. മകൻ : ജിതിൻ സെബാസ്റ്റ്യൻ. മരുമകൾ : അഞ്ജു ജോസഫ്. സംസ്‌കാരം അമേരിക്കയിൽ നടത്തും. അനൂജ് കുമാറിന് കഴിഞ്ഞ ഏഴിനാണ് രോഗം സ്ഥിരീകരിച്ചത്. ജോലിക്കിടെയാണ് രോഗം ബാധിച്ചത്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അന്ത്യം. ഭാര്യ : തൊടുപുഴ കോലാനി സ്വദേശിനി സന്ധ്യയും ലണ്ടനിൽ നഴ്‌സാണ്. മൂത്തമകൻ അതുൽ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലും ഇളയ മകൻ ഗോകുൽ അനൂജിന്റെ അമ്മ ജഗദമ്മയ്ക്കൊപ്പം നാട്ടിലുമാണ് കഴിയുന്നത്.