പൊൻകുന്നം: കൊവിഡ് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ കൊച്ചി ചാ്ര്രപർ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വിതരണം ചെയ്യുന്നതിനായി നല്കിയ ഭക്ഷ്യ കിറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം ഘടകങ്ങൾ വഴി വിതരണം ചെയ്തതായി യു.ഡി.എഫ് ആരോപിച്ചു. 20 വാർഡുകളിലെയും മെമ്പർമാരുമായി ബന്ധപ്പെട്ട് ഒരു വാർഡിൽ 25 ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കണമെന്നായിരുന്നു സന്നദ്ധ സംഘടന നിർദ്ദേശിച്ചിരുന്നത്. ചില മെമ്പർമാർ ലിസ്റ്റും തയ്യാറാക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് മെമ്പർമാരുമായി ആലോചിക്കാതെ ഓരോ വാർഡിലെയും സി.പി.എം കാരെ വിളിച്ച് കിറ്റ് നൽകിയെന്നാണ് ആക്ഷേപം.
ചില ഭരണപക്ഷ മെമ്പർമാർക്കു പോലും കിറ്റ് എവിടെ നിന്നു ലഭിച്ചതാണെന്ന് അറിയില്ലായിരുന്നു. യു.ഡി.എഫ്, ബി.ജെ.പി മെമ്പർമാരുടെ ചില വാർഡുകളിൽ കിറ്റ് വിതരണം ചെയ്തില്ലെന്നും പരാതിയുണ്ട്.
കൊവിഡ് പോലെ വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ചിറക്കടവിലെ ജനങ്ങളെ ഒന്നാകെ കാണാതെ രാഷ്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് .ആരോപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
എന്നാൽ ഡൽഹി ആസ്ഥാനമായ സംഘടന പഞ്ചായത്തിനായല്ല, കിറ്റുകൾ കൈമാറിയതെന്നും തന്നെ വ്യക്തിപരമായി കണ്ട് ചിറക്കടവിലെ അർഹതപ്പെട്ടവർക്ക് ലഭിക്കണമെന്നും അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ. എന്നാൽ അത്തരത്തിൽ വ്യക്തിപരമായി തീരുമാനമെടുക്കാനാവില്ലെന്നതിനാൽ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പഞ്ചായത്തിലെ സന്നദ്ധപ്രവർത്തകരെ വിളിച്ചുകൂട്ടി എല്ലാവാർഡിൽ നിന്നും അർഹരായവരെ കണ്ടെത്താൻ നിർദേശിച്ചു. 500 കിറ്റുകളാണ് കൊണ്ടുവന്നത്. സംഘടനയുടെ ആൾക്കാർ തന്നെ എലിക്കുളം പഞ്ചായത്തിലെ ഒരു കോളനിയിലേക്ക് 40 കിറ്റുകൾ കൊടുക്കാനായി മാറ്റി. ബാക്കി 460 കിറ്റുകൾ 20 വാർഡുകളിലെയും അർഹർക്ക് രാഷ്ട്രീയ പരിഗണനയില്ലാതെ നൽകിയതും സന്നദ്ധപ്രവർത്തകരാണ്. എല്ലാ വാർഡിലും 23 വീട്ടിൽ കിറ്റുകൾ നൽകി. ഈ പട്ടിക സംഘടനക്കു നൽകിയതു കൂടാതെ ആർക്കും പരിശോധനക്ക് ലഭ്യമാണെന്നും പ്രസിഡന്റ് ജയശ്രീധർ അറിയിച്ചു. സി.പി.എം.പഞ്ചായത്തംഗങ്ങളെപ്പോലും ഈ വിതരണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.