തലയോലപ്പറമ്പ്: വൈക്കം തലയോലപ്പറമ്പ് മേഖലയിൽ പൊലീസും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കി. വെള്ളൂരിൽ താമസിക്കുന്ന റെയിൽവേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിക്കും തലയോലപ്പറമ്പ് വടയാറിലുള്ള ബേക്കറിക്കാരനും രോഗം സ്ഥിരീകരിച്ചതോടെയാണ് പരിശോധനകൾ കർശനമാക്കിയത്.
വെള്ളൂരിൽ കന്റോൺമെന്റ് ഏരിയയായി പ്രഖ്യാപിച്ച പോസ്റ്റോഫീസിന് 500 മീറ്റർ ചുറ്റളവിൽ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഒരാളെയും വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല . ഈ പ്രദേശങ്ങളിൽ മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റ് വ്യാപാര സ്ഥാപനത്തിനും പ്രവർത്തനാനുമതിയില്ല.കന്റോൺമെന്റ് ഏരിയയായി പ്രഖ്യാപിച്ച 3, 4, 5, 10 വാർഡുകളിലെ പ്രദേശങ്ങളിൽ ജനങ്ങളൾക്ക് അവശ്യ സഹായങ്ങൾ എത്തിച്ച് നൽകി വോളണ്ടിയർമാർ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. എറണാകുളം ജില്ലയുമായി അതിർത്തി പങ്കിടുന്ന പൂത്തോട്ട, നീർപ്പാറ, മുളക്കുളം അമ്പലപ്പടി, അവർമ്മ, തോന്നല്ലൂർ ആലപ്പുഴ ജില്ലയുമായി അതിർത്തി പങ്കിടുന്ന തണ്ണീർ മുക്കം ബണ്ട് റോഡ് എന്നിവിടങ്ങളിലും കർശന പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.
തലയോലപ്പറമ്പ് ഗവ.ആശുപത്രിയിൽ കൊവിഡ് രോഗിയെ ചികിത്സിച്ച 3 ഡോക്ടർമാർ മറ്റ് 8സ്റ്റാഫ് എന്നിവർ ക്വാറന്റീനിലാണ്. കൊവിഡ് ബാധിതന്റെ സ്ഥാപനത്തിന് സമീപമുള്ള ഗവ.ഹോമിയോ ഡിസ്‌പെൻസറി, വായനശാല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചു.ഇയാൾ മാർക്കറ്റിൽ സ്ഥിരമായി എത്തിയിരുന്ന പച്ചക്കറി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ 4 സ്ഥാപനങ്ങൾ അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുതെന്ന് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ഇവിടുത്തെ ജീവനക്കാരും നിരീക്ഷണത്തിലാണ്. കൊവിഡ് രോഗിയുടെ വീടിന് സമീപത്തുള്ള 75ഓളം വീട്ടുകാരുടെ റാംഡം സാമ്പിൾ ശേഖരിക്കും. രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ97 പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി.