കോട്ടയം: കൊവിഡ്-19 വ്യാപനത്തെ തുടർന്ന് കോട്ടയം ഒറ്റപ്പെട്ടു. രോഗം വ്യാപിക്കാതിരിക്കാൻ അയൽ ജില്ലകൾ പോക്കറ്റ് റോഡുകൾ വരെ അടച്ചതിനാൽ അങ്ങോട്ടും ഇങ്ങോട്ടും ആളുകൾ കടക്കുന്നില്ല. എറണാകുളം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് അതിർത്തികൾ അടച്ചത്. അതേസമയം കോട്ടയത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ നിലവിൽവന്നു. ഇതോടെ കർശന പരിശോധനകളുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്ത് എത്തി.
ഇന്നലെ കൊവിഡ് ബാധിച്ച് ആരും ആശുപത്രികളിലെത്തിയിട്ടില്ലാത്തതിനാൽ ജനം അല്പം ആശ്വാസത്തിലാണ്. കൊവിഡ് ബാധിതരായി 18 പേരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി കഴിയുന്നത്. ഇതിൽ ഒരാൾ ഇടുക്കി ജില്ലയിൽ നിന്നും എത്തിയതാണ്.
രാവിലെ ചന്നം ചിന്നം മഴ പെയ്തതിനാൽ ആരും തന്നെ റോഡിലിറങ്ങിയില്ല. ആംബുലൻസുകളും പൊലീസ് വാഹനങ്ങളും ആരോഗ്യപ്രവർത്തകരുടെയും വാഹനങ്ങളും മാത്രമേ റോഡുകളിൽ കാണാനായുള്ളു. പൊലീസ് പലയിടത്തും റോഡുകൾ ബ്ലോക്ക് ചെയ്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെത്തേതിൽ നിന്നും വിഭിന്നമായി കൂടുതൽ സ്ഥലങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്താണ് പരിശോധന തുടരുന്നത്. എഡിജിപി കെ.പത്മകുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. ആരെയും തന്നെ അയൽ ജില്ലകളിലേക്കും കടത്തിവിടുന്നില്ല.
നാലു ദിനങ്ങൾ കൊണ്ട് ഗ്രീൻ സോണിൽ നിന്നും റെഡ് സോണിൽ കോട്ടയവും ഇടുക്കിയും അകപ്പെട്ടതോടെയാണ് കർശന നിർദ്ദേശങ്ങളും പരിശോധനകളുമായി അധികൃതർ രംഗത്ത് എത്തിയത്. ഇടുക്കിയിലും ഇന്നലെ കോവിഡ് ബാധിച്ച് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിട്ടില്ല.
കോട്ടയം, ഇടുക്കി ജില്ലകളുടെ മേൽനോട്ടം വഹിക്കുന്ന എഡി.ജി.പി പത്മകുമാർ, ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാർ, കെ.എ.പി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് ആർ വിശ്വനാഥൻ എന്നിവർ കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധു എന്നിവരുമായി ചർച്ചകൾ നടത്തി. രോഗം മൂർച്ചിച്ചിരിക്കുന്ന തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടക്കുന്നവരെ നിയന്ത്രിക്കാൻ കർശന പദ്ധതികളുമായി പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെതന്നെ കുമളിയ്ക്ക് സമീപം നാല് ചെക്ക്പോസ്റ്റുകളും വനാതിർത്തിയിൽ പൊലീസിനെയും വനപാലകരെയും നിയോഗിച്ച് പരിശോധനകളും ജില്ലാ പൊലീസ് ശക്തമാക്കിയിരുന്നു. കോട്ടയത്ത് എത്തിയ പത്മകുമാർ ഹോട്ട്സ്പോട്ടുകൾ സന്ദർശിച്ചിരുന്നു.
അതേസമയം രോഗബാധിതരെ കണ്ടെത്താൻ കൂടുതൽ പരിശോധനകളുമായി ആരോഗ്യവകുപ്പും രംഗത്ത് എത്തിയിട്ടുണ്ട്. നിലവിൽ നാല് സ്രവസാമ്പിൾ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. അത് ആറാക്കി ഉയർത്തി.