കോട്ടയം: ചരിത്രപ്രസിദ്ധമായ കോട്ടയം പുതുപ്പള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറം കൊടിയേറ്റിയപ്പോൾ എറികാട്, പുതുപ്പള്ളി കരക്കാർ ആഘോഷത്തോടെയും ആരവത്തോടെയും കൊണ്ടുവന്നിരുന്ന കൊടിമരങ്ങൾ ഇക്കൊല്ലം ഇല്ലായിരുന്നു. പള്ളിക്കുമുമ്പിൽ സ്ഥാപിച്ചിട്ടുള്ള സ്ഥിരം കൊടിമരത്തിലാണ് നാലു പേരെ സാക്ഷിയാക്കി വികാരി കൊടിയേറ്റിയത്. സഹവികാരി ഫാ.ഏബ്രഹാം ജോൺ തെക്കേത്തലയക്കൽ സന്നിഹിതനായിരുന്നു. മെയ് 5,6,7 തീയതികളിലാണ് പ്രധാന പെരുന്നാൾ.
പുതുപ്പള്ളി, എറിയാട് കരക്കാർ കൊണ്ടുവരുന്ന കമുക് മരത്തിലാണ് വർഷങ്ങളായി കൊടിയേറ്റിയിരുന്നത്. ഇത് കരക്കാരുടെ അവകാശമായിരുന്നു. കോവിഡ് ബാധയെതുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇക്കുറി ആഘോഷങ്ങൾ ഇല്ലാതെ പെരുന്നാൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ഭക്തർ ചേർന്ന് കൊണ്ടുവരുന്ന കമുക് മരത്തിലാണ് കൊടിയേറ്റിയിരുന്നത്. അന്നുമുതൽ സംസ്ഥാനത്തിനുള്ളിൽ നിന്നും പുറത്തുനിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തിയിരുന്നു. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും കുടിയേറ്റ മേഖലകളിൽ നിന്നുമാണ് പ്രധാനമായും നേർച്ചകാഴ്ചകളുമായി ജനം പുതുപ്പള്ളിയിലേക്ക് പ്രവഹിച്ചിരുന്നത്. കൂടാതെ ചരിത്രപ്രസിദ്ധമായ വെച്ചൂട്ടും നേർച്ചയായുള്ള അപ്പവും കോഴിയിറച്ചിയും വിശ്വാസികൾക്ക് ഇക്കുറി കിട്ടില്ല.
പെരുന്നാൾ ചടങ്ങുകളിൽ ഭക്തജനങ്ങൾക്ക് പള്ളിയിൽ പ്രവേശനമില്ല. എന്നാൽ ചടങ്ങുകൾ വീട്ടിലിരുന്ന് കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.