കോട്ടയം: കൊവിഡ് ഭീതിയിൽ കഴിയുന്ന കോട്ടയം ജില്ലയിൽ പകർച്ചപ്പനികളും പിടിമുറുക്കുന്നു. ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി പടരുകയാണ്. മുൻകരുതലുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. രാമപുരം, ഉഴവൂർ, കാഞ്ഞിരപ്പള്ളി മേഖലകളിലാണ് ഡെങ്കിപ്പനി പടർന്നിട്ടുള്ളത്. ഇന്നലെ ചങ്ങനാശേരിയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് കൊച്ചുതോട് കൂവക്കാട്ട് ജയ്മോൻ (53) ആണ് മരിച്ചത്.
ഡെങ്കിപ്പനിയ്ക്കൊപ്പം മലേറിയയും ജില്ലയിൽ എത്തിയതായി പറയപ്പെടുന്നു. ഉഴവൂർ കരുനെട്ടി ഭാഗത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ പിടിപെട്ടതായി അറിയുന്നത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് മലേറിയ ആണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
രാമപുരം പഞ്ചായത്തിന്റെ 15, 16 വാർഡുകളിൽ ഡെങ്കിപ്പനി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര ഭാഗത്തും ഉഴവൂർ ടൗണിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കാഞ്ഞിരപ്പള്ളി മേഖലയിൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ കൂടുതൽ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂവപ്പള്ളി, പട്ടിമറ്റം, പനച്ചേപ്പള്ളി ഭാഗങ്ങളിലാണ് പനിബാധിച്ച് കൂടുതൽ ആളുകൾ ആശുപത്രിയിലായത്.
രോഗം പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പ് കൊതുക് നിർമ്മാർജ്ജനത്തിനായി രംഗത്ത് എത്തി. പരിസര ശുചീകരണവും ഫോഗിംഗും ഉൾപ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.