pusthakam

കറുകച്ചാൽ: ലോക്ക്ഡൗൺ വിരസതകളിൽ തളച്ചിടപ്പെട്ട ജനങ്ങൾക്ക് വായനയുടെ വാതായനങ്ങൾ തുറന്നിടുകയാണ് കുറച്ച് ലൈബ്രറി പ്രവർത്തകർ. വണ്ടി നിറയെ പുസ്തകങ്ങളുമായി വീട്ടുപടിക്കലെത്തും. പ്രമുഖ എഴുത്തുകാരുടെ നോവൽ, കവിത, ലേഖനം, യാത്രാ വിവരണങ്ങൾ അങ്ങനെ എന്തും വായിക്കാം പുസ്തകവണ്ടിയിൽ നിന്ന്. ചമ്പക്കര ശ്രീരംഗം കെ ഗോപിനാഥക്കുറുപ്പ് പബ്ലിക്ക് ലൈബ്രറിയാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. ചമ്പക്കര പ്രദേശത്തുള്ള വായനക്കാരയാണ് പരിധിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഗ്രന്ഥശാലകൾ കൊവിഡ് മൂലം അടഞ്ഞുകിടക്കുന്നതിനാൽ വായനക്കാർക്ക് ഗ്രന്ഥശാലകളിൽ വരാൻ കഴിയാത്തതിനാലാണ് പദ്ധതി. നിയന്ത്രണങ്ങൾ പാലിച്ചാണ് പുസ്തക വിതരണം നടത്തുന്നത്. ആദ്യ പുസ്തകം ഏറ്റുവാങ്ങിയത് മുൻ മന്ത്രി കെ നാരായണക്കുറുപ്പിന്റെ ഭാര്യയും എം.എൽ.എ ഡോ എൻ ജയരാജിന്റെ മാതാവുമായ 88 വയസുള്ള ലീലാ ദേവിയമ്മയാണ്. ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ജോസ് ചമ്പക്കര, ശ്രീരംഗം ലൈബ്രറി സെക്രട്ടറി ജോയി അഗസ്റ്റിൻ, ലൈബ്രേറിയൻ ആർ.രാമൻ, വനിതാ ലൈബ്രേറിയൻ സഖി പോൾ, എൻ.ജയപ്രകാശ്, ശ്രദ്ധ പോൾ എന്നിവർ നേതൃത്വം നൽകി .