കോട്ടയം: സുരക്ഷയുടെ പച്ചയിൽ നിന്ന് അതിവേഗം അതീവജാഗ്രതയുടെ ചുവപ്പിലെത്തിയ കോട്ടയത്തെ കാത്തിരിക്കുന്നത് ഭക്ഷ്യ പ്രതിസന്ധി. നഗരത്തിലെ ചന്തയ്‌ക്കു പിന്നാലെ ചങ്ങനാശേരി ചന്തകൂടി അടച്ചതോടെ അതിരമ്പുഴ, ഏറ്റുമാനൂർ മാർക്കറ്റുകളാണ് ഇനി ആശ്രയം. കൊവിഡ് ബാധിതർ എത്തിയതോടെയാണ് കോട്ടയം, ചങ്ങനാശേരി മാർക്കറ്റുകൾക്ക് ലോക്ക് വീണത്.

ഏപ്രിൽ 20 വരെ ഗ്രീൻ സോണിലായിരുന്ന കോട്ടയത്തേയ്‌ക്ക് രോഗം വീണ്ടും എത്തിയത് 23 നാണ്. മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയ്‌ക്കു രോഗം സ്ഥിരീകരിച്ചതോടെ മാർക്കറ്റ് അടച്ചു. പിന്നാലെ നിരവധി കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കോട്ടയം മാർക്കറ്റ് ഹോട്ട്‌സ്‌പോട്ടിലേയ്‌ക്കു മാറി.

മാർക്കറ്റ് അഞ്ചു ദിവസം അടഞ്ഞു കിടന്നതോടെ ഗ്രാമീണ മേഖലകളിലെ പല കടകളിലും സാധനങ്ങൾ ഇല്ലാതായി. പച്ചക്കറികൾ കോട്ടയം മാർക്കറ്റിൽ നിന്നും ചെറുകിട കച്ചവടക്കാർ എത്തി വാങ്ങുകയാണ് പതിവ്. എന്നാൽ, കോട്ടയം മാർക്കറ്റിലേയ്‌ക്കുള്ള പച്ചക്കറി വരവ് നിലച്ചതോടെ ഗ്രാമീണ മേഖലകളിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കൂ‌ടി.

നാട്ടകം, ചിങ്ങവനം, പനച്ചിക്കാട് പ്രദേശങ്ങളിലെ കച്ചവടക്കാർ കോട്ടയം മാർക്കറ്റ് അടച്ചതോടെ ചങ്ങനാശേരിയെയാണ് ആശ്രയിച്ചിരുന്നത്. കൊവിഡ് കണ്ടെത്തിയതോടെ ഇതും അടച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ കടകളിൽ നിന്നു പോലും ചങ്ങനാശേരി മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയിരുന്നു. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിട്ടുണ്ട്.

കോട്ടയം മാർക്കറ്റ്

അടച്ചിട്ട്

5 നാൾ

കോട്ടയം ചന്തയെ ആശ്രയിച്ചിരുന്നവർ

കോട്ടയം നഗരം, ആർപ്പൂക്കര, കുമരകം, തിരുവാർപ്പ്, ഇല്ലിക്കൽ, നാട്ടകം, പനച്ചിക്കാട് പ്രദേശങ്ങ

കോട്ടയം സോൺ മാറ്റം

ഗ്രീൻ 19

ഒാറഞ്ച് 23

റെഡ് 27

പലരും സാധനങ്ങൾ കൂടുതലായി വാങ്ങി വയ്‌ക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതോടെ കടകളിൽ അടക്കം സാധനങ്ങൾ ലഭിക്കാത്ത സ്ഥിതിയായി. മാർക്കറ്റ് തുറക്കാത്തതിനാൽ അവശ്യസാധനങ്ങൾ വാങ്ങി വയ്‌ക്കാനും സാധിക്കുന്നില്ല.

കുമാർ, വ്യാപാരി, കാരാപ്പുഴ