കോട്ടയം: കണ്ടെയ്‌നർ സോണിലെ റേഷൻ കടകൾ അടച്ചതോടെ പലചരക്ക് കിറ്റ് വാങ്ങാൻ കാർഡ് ഉടമകൾ കിറ്റ് പാക്കിംഗ് കേന്ദ്രത്തിലെത്തിയത് വിവാദമായി. റേഷൻ കട ഉടമകൾ അറിയിച്ചത് അനുസരിച്ചാണ് അൻപതോളം ആളുകൾ പാക്കിംഗ് കേന്ദ്രമായ വൈ.എം.സി.എയിൽ എത്തിയത്. ഇന്നലെ രാവിലെ മുതലാണ് വൈ.എം.സി.എയിലെ പാക്കിംഗ് കേന്ദ്രത്തിലേയ്‌ക്കു ആളുകൾ എത്തിത്തുടങ്ങിയത്. കോട്ടയം നഗരസഭയിലെ 18, 19, 20,21 വാർ‌ഡുകൾ ഇപ്പോൾ ഹോട്ട്സ്‌പോട്ടിലാണ്. ഈ വാർ‌ഡുകളിലെ കണ്ടെയ്‌നർ സോണുകളിൽപ്പെട്ട റേഷൻ കടകൾ അടച്ചിരിക്കുകയാണ്. കിറ്റ് വാങ്ങുന്നതിനായി ഈ വാർഡുകളിൽപ്പെട്ട ആളുകൾ റേഷൻ കട ഉടമയെ സമീപിക്കുകയായിരുന്നു. ഇവർ നിർദേശിച്ചത് അനുസരിച്ചാണ് റേഷൻ കാർ‌ഡ് ഉടമകൾ വൈ.എം.സി.എയ്‌ക്കു സമീപത്തെ പാക്കിംഗ് കേന്ദ്രത്തിലെത്തിയത്. ഇവിടെ ആളുകൾ കൂട്ടം കൂടി നിന്നതോടെ നഗരസഭ അംഗങ്ങളായ ടി.എൻ ഹരികുമാറും, സാബു പുളിമൂട്ടിലും സ്ഥലത്ത് എത്തി. നിരോധനം ലംഘിച്ച് ആളുകൾ കൂട്ടം കൂടിയത് അറിഞ്ഞ് പൊലീസ് സംഘവും സ്ഥലത്ത് എത്തി. ഇന്നലെ ഇവിടെ എത്തിയവർക്ക് റേഷൻ കാർ‌ഡിന്റെ അടിസ്ഥാനത്തിൽ കിറ്റുകൾ വിതരണം ചെയ്‌തു. ഇനി വരുന്നവർക്ക് കിറ്റ് നൽകില്ല. റേഷൻ കടകളിൽ നിന്ന് കണ്ടെയ്‌നർ സോണുകളിലേയ്‌ക്കുള്ള പ്രദേശങ്ങളിലേയ്‌ക്കു ജനപ്രതിനിധികൾ ഇനി മുതൽ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.