പാലാ: ജീവിത പ്രാരാബ്ധങ്ങൾക്കു നടുവിലും നാടിന്റെ കണ്ണീരൊപ്പാൻ പെൻഷൻ കിട്ടിയ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തു മാതൃകയായി. കടനാട് പഞ്ചായത്തിലെ ഇടയാടിയിൽ മേരി പങ്കജാക്ഷനാണ് പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകിയത്. മേരി പങ്കജാക്ഷിയുടെ വീട്ടിലെത്തി മാണി.സി.കാപ്പൻ എം.എൽ.എ തുക ഏറ്റുവാങ്ങി. ഇന്ന് ഈ തുക മുഖ്യമന്ത്രിക്ക് കൈമാറും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ക്ലീറ്റസ് ഇഞ്ചപ്പറമ്പിൽ എന്നിവരും എം.എൽ.എയ്ക്കു ഒപ്പമുണ്ടായിരുന്നു. കടനാട് പതിയിൽ വീട്ടിൽ മേഘ, മേഘന, വസുദേവ് എന്നിവരും തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകാനായി മാണി.സി.കാപ്പനെ ഏൽപ്പിച്ചു.