ചങ്ങനാശേരി: കൊവിഡിനെ പേടിച്ച് വീട്ടിനകത്തിരിക്കുന്നവരെ തുരത്തി പുറത്തു ചാടിക്കാൻ ക്വട്ടേഷനെടുത്തിരിക്കയാണ് മുപ്ലി വണ്ടുകൾ എന്ന് പേരുള്ള ഒരു കൂട്ടം ചെറു പ്രാണികൾ. ജില്ലയിലെ തോട്ടംമേഖലയിലുള്ളവരാണ് കൂടുതലായും മുപ്ലി വണ്ടുകളെക്കാണ്ട് പൊറുതി മുട്ടിയിരിക്കുന്നത്. തട്ടിൻ പുറങ്ങളും മറ്റുമുള്ള പഴയ വീടുകൾ ഇവ കൂട്ടത്തോടെ കൈയേറിയിരിക്കുകയാണ്.

റബർത്തോട്ടങ്ങളിലും അടുത്തുള്ള വീടുകളിലുമാണ് കറുത്ത, ചെറിയ ഇനം ഈ വണ്ടുകൾ കൂടുതലായി കണ്ടുവരുന്നത്. റബറിന്റെ ഇലപൊഴിയുന്ന സമയത്താണ് തോട്ടങ്ങളിൽ ഇവ പ്രത്യക്ഷപ്പെടുക. റബർമരത്തിൽനിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ മുഖ്യ ആഹാരം. റബറിന്റെ കരിയിലകൾ ഇവയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. മഴമൂലം തോട്ടത്തിൽനിന്ന് വിട്ട് ഇവ സമീപ പ്രദേശങ്ങളിലെ വീടുകളിലേയ്ക്ക് കുടിയേറാൻ തുട‌ങ്ങിയതോടെയാണ് ആളുകളുടെ ഉറക്കം നഷ്ടപ്പെട്ടത്.

വെളിച്ചം ഇഷ്ടം

ആളുകളെ നേരിട്ട് ആക്രമിക്കാറില്ലെങ്കിലും മുപ്ലി വണ്ടുകൾ വരുത്തുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കട്ടിലുകളിൽ വരെ സ്ഥാനം പിടിക്കുന്ന ഇവ കാരണം ഉറക്കമില്ലാത്ത രാത്രികളാണിപ്പോൾ.

പകൽ സമയം തട്ടിൻപുറങ്ങളിലും മറ്റും കൂട്ടമായി അടങ്ങിയിരിക്കുന്ന ഈ ചെറു പ്രാണികൾ രാത്രി വീട്ടിൽ ലൈറ്റ് ഇട്ടാലുടൻ കൂട്ടമായി ഇറങ്ങി വരും. ചെറിയ ജീവികളായതിനാൽ വസ്ത്രങ്ങൾക്കുള്ളിൽ കയറി അസ്വസ്ഥതയുണ്ടാക്കാനും ആഹാരത്തിൽ വന്നു വീഴാനുമിടയുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ മൂക്കിലോ ചെവിയിലോ കയറിയാൽ പിന്നെ പറയേണ്ട. ഇവയുടെ കൊമ്പുകൾ കൊണ്ട് ശരീരത്തിൽ ചൊറിച്ചിലും പൊള്ളലുമുണ്ടാകാം.

തുരത്താൻ എന്തുവഴി

കൂട്ടമായി എത്തുന്ന വണ്ടുകളെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാർ. ഇവ പെട്ടെന്നൊന്നും വരുതിയിൽ നിൽക്കില്ലെങ്കിലും തട്ടിൻ പുറത്തു നിന്നും മറ്റിും പകൽ സമയങ്ങളിൽ അടിച്ചു വാരിയെടുത്ത് കത്തിച്ചു കളയാം. അപ്പൊഴും കുറേയെണ്ണം പറന്നു പോകും. ഡീസലോ മണ്ണെണ്ണയോ സ്പ്രേ ചെയ്യുന്നതും ഇവയെ കൊല്ലാനുള്ള വിദ്യയാണ്. എത്ര കൊന്നൊടുക്കിയാലും അടുത്ത പട്ടാളം പിന്നാലെ എത്തും.