കോട്ടയം: അഞ്ചുദിവസത്തിനുള്ളിൽ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോട‌െ അപകട സോണിലേയ്ക്കുയർന്നെങ്കിലും രണ്ടു ദിവസം തുടർച്ചയായി പോസിറ്റീവ് കേസുകൾ ഇല്ലാത്തതിന്റെ ആശ്വാസത്തിലാണ് കോട്ടയം . എം.ജി സർവകലാശാലയുടെ തലപ്പാടിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലെ പി.സി.ആർ യന്ത്രം തകരാറിലായതിനാൽ 271 സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പല ജില്ലകളിലെ സാമ്പിൾ പരിശോധന ഉള്ളതിനാൽ അവിടെനിന്നുള്ള പരിശോധനാഫലം വൈകാം. വൈകിയാലും ഒന്നും പോസിറ്റീവ് ആകരുതേ എന്ന പ്രാർത്ഥനയിലാണ് കോട്ടയമിപ്പോൾ.

അതേസമയം റാൻഡം ടെസ്റ്റിൽ നിരവധി പോസീറ്റിവ് കേസ് കണ്ടെത്തിയെന്നുള്ള വ്യാജ പ്രചാരണത്തിന് കുറവില്ല. ഇത്തരമൊരു ടെസ്റ്റ് നടന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവർത്തിക്കുമ്പോഴും കരക്കമ്പി വ്യാപിക്കുകയാണ്. രോഗം കണ്ടെത്തിയവരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചതോടെ അതുമായി ബന്ധപ്പെട്ട് പലരെയും കൊവിഡ് ബാധിതരാക്കിയുള്ള വ്യാജ പ്രചാരണവും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പടരുന്നു.

പ്രതിദിന പരിശോധന

മെഡിക്കൽ കോളേജിൽ 50 സാമ്പിൾ

തലപ്പാടി കേന്ദ്രത്തിൽ 200 സാമ്പിൾ

യന്ത്രം കേടായി തലപ്പാടി

രോഗബാധിതരുടെ സാമ്പിൾ തുടർ പരിശോധന ആദ്യം നടത്തിയ ലാബിൽ തന്നെ വേണമെന്നാണ് ചട്ടം. തലപ്പാടിയിൽ പരിശോധിച്ച സാമ്പിളുകളുടെ തുടർ പരിശോധന അവിടെ തന്നെ വേണം. എന്നാൽ യന്ത്രം കേടായി. ലോക്ക് ഡൗൺ കാരണം കട അടഞ്ഞു കിടക്കുന്നതിനാൽ കേടായ യന്ത്രഭാഗം ലഭ്യമല്ല . ഇക്കാരണത്താൽ തലപ്പാടിയിലെ പരിശോധന ഇനിയും വൈകും. നിരവധി സാമ്പിൾ ഫലവും അതോടെ അനിശ്ചിതത്വത്തിലായി.

.

മാസ്ക് മുഖാവരണമാണ് മാലയല്ല,

കോട്ടയം ഗ്രീൻ സോണിൽ ആയപ്പോൾ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവാണ് പെട്ടെന്ന് റെഡ് സോണിലെത്താൻ കാരണമെന്ന് എല്ലാവരും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയതോടെ പലർക്കും പേടി വന്നിട്ടുണ്ടെങ്കിലും റോഡിലിറങ്ങുന്നവർ പോലും പൂർണമായി മാസ്ക്ക് ധരിക്കുന്നില്ല. ഹെൽമറ്റ് തലയിൽ വക്കാതെ വാഹനത്തിൽ തൂക്കിയിടുന്നത് പോലെ മാസ്ക് കഴുത്തിൽ ചുറ്റി വാഹനമോടിക്കുന്ന നിരവധി പേർ കോട്ടയത്തുണ്ട്. ഇവരെ ബോധവത്ക്കരിച്ചു പൊലീസുകാരും മടുത്തു. മാസ്ക്ക് വയ്ക്കാതെ റോഡിലിറങ്ങുന്നവരിൽ നിന്ന് പിഴയായി 5000 രൂപ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ .