പൊൻകുന്നം: കേസന്വേഷണത്തിൽ മികവ് തെളിയിച്ച് നിരവധി പ്രശംസാപത്രങ്ങൾ നേടിയ എസ്.ഐ.പി.വി.വർഗീസ് ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നു. കോട്ടയം സ്‌പെഷ്യൽബ്രാഞ്ച് എസ്.ഐയായാണ് വിരമിക്കുന്നത്. വർഷങ്ങളായി ജില്ലയിലെ പ്രധാന കൊലപാതക കേസുകളുടെയും കവർച്ചകളുടെയും അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണിദ്ദേഹം. 2005 മുതൽ 2019 വരെ തുടർച്ചയായി ഡി.ജി.പി.മാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും പ്രശംസാപത്രങ്ങൾ നേടിയിട്ടുണ്ട്. 2003ലെ ചെറുവള്ളി എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം, 2006ൽ മാർവാഡികളെ വെട്ടിപ്പരിക്കേൽപ്പിച്ച് 14 കി.ഗ്രാം സ്വർണം കവർന്ന കേസ്, 2007ൽ കോട്ടയത്ത് ഒറീസാ ദമ്പതി വധം, 2007ൽ കൊമ്പുകുത്തി വിനോദ് വധം, 2015ലെ പാറമ്പുഴ കൊലക്കേസ്, 2017ൽ മാങ്ങാനം സന്തോഷ് വധം, 2014ലെ പഴയിടം ഇരട്ടക്കൊല, 2019ലെ ചാത്തൻപ്ലാപ്പള്ളിയിലെ അമ്മയുടെയും മകളുടെയും വധക്കേസ്, തുടങ്ങിയവ വർഗീസിന്റെ അന്വേഷണമികവിന് തെളിവായ ഏതാനും കേസുകൾ മാത്രം. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ രണ്ടുതവണ ലഭിച്ചു. ആഭ്യന്തര വകുപ്പിന്റെ ബാഡ്ജ് ഓഫ് ഓണർ കൂടാതെ 200ലേറെ ഗുഡ് സർവീസ് എൻട്രി കിട്ടി.

റാന്നി അടിച്ചിപ്പുഴ തൂങ്ങുപാലയ്ക്കൽ ലിൻസിയാണ് ഭാര്യ. ചെന്നൈയിൽ എൻജിനീയറായ ബിബിൻ വർഗീസും ചലച്ചിത്ര മേഖലയിൽ എഡിറ്ററായ എബിൻ വർഗീസുമാണ് മക്കൾ. സാനിയ ജോസഫ് മരുമകളും.