മുണ്ടക്കയം: ടി. ആർ. ആന്റ് ടി കമ്പനിയിൽ തൊഴിലാളികൾക്ക് ശമ്പള കുടിശിഖ നൽകാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. ലോക്ക്ഡൗൺ മൂലം ജോലിയും കൂലിയുമില്ലാതെ വിഷമിച്ച പെരുവന്താനം, ടി.ആർ. ആന്റ് ടി കമ്പനി തോട്ടത്തിൽ അധികാരികളുടെ ഇടപെടലിനെ തുടർന്ന് താത്കാലിക സമാശ്വാസ തുക നൽകും. തോട്ടം തൊഴിലാളികൾക്ക് ശമ്പള കുടിശിഖ നൽകാത്ത മാനേജ് മെന്റ് വീണ്ടും ജോലിക്ക് നിർബന്ധിച്ചതോടെ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തു വന്നിരുന്നു. . ഇതേ തുടർന്നാണ് നടപടി.സംസ്ഥാന ചീഫ് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രമോദിന്റ സാന്നിദ്ധ്യത്തിൽ പെരുവന്താനം ഗ്രാമ പഞ്ചായത്തു ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി മേയ് 4ന് മുൻപായി തൊഴിലാളിക്ക് 3000 രൂപ വീതം നൽകും. ബാക്കിയുള്ള ശമ്പള കുടിശിഖ മെയ് 16ന് നൽകും.
കോവിഡ് പശ്ചാത്തലത്തിൽ തോട്ടം അടച്ചിരുന്നു. മാർച്ച് മാസത്തെ ശമ്പളം ആയിരത്തോളംതൊഴിലാളികൾക്ക് നൽകിയിരുന്നില്ല. 180 ഓളം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്. 18 മാസമായി പ്രോവിഡൻഫണ്ട് കുടിശിക പിടിച്ചത് അടക്കാൻ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളം ഒത്തുകളിക്കുന്നതായി ആക്ഷേപം ശക്തമായിരുന്നു. ഇതതുടർന്നാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തുവന്നത്. തൊഴിൽമന്ത്രി റ്റി.പി.രാമകൃഷ്ണന് സംയുക്ത ട്രേഡ് യൂണിയൻ നിവേദനവും നൽകിയിരുന്നു.