പൊൻകുന്നം: സന്നദ്ധ സംഘടന ചിറക്കടവിൽ നൽകിയ ഭക്ഷ്യക്കിറ്റ് സി.പി.എം ബ്രാഞ്ച് കമ്മിറ്റികള്‍ വിതരണം ചെയ്തു എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി.പി.എം പൊൻകുന്നം, ചെറുവള്ളി ലോക്കൽ കമ്മിറ്റികൾ പ്രസ്താവനയിലൂടെ അറിയിച്ചു. ഉത്തരേന്ത്യൻ സന്നദ്ധ സംഘടന നല്‍കിയ ഭക്ഷ്യധാന്യങ്ങൾ സന്നദ്ധ സേനാംഗങ്ങൾ വഴിയാണ് പഞ്ചായത്തില്‍ വിതരണം ചെയ്തതെന്ന് പഞ്ചായത്ത് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളിലൂടെ അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് യു.ഡി.എഫ്-ബി.ജെ.പി ശ്രമമെന്ന് സി.പി.എം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊൻകുന്നം, ചെറുവളളി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 3500ൽ അധികം ഭക്ഷ്യധാന്യ കിറ്റുകൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ കിറ്റുകള്‍ വിതരണം ചെയ്ത പാർട്ടിക്ക് മറ്റൊരു സംഘടന നല്‍കിയ കിറ്റ് പേര് മാറ്റി വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്നും ഭക്ഷ്യ കിറ്റ്, പച്ചക്കറി കിറ്റ്, മരുന്ന് വിതരണം, കുടിവെള്ള വിതരണം ഉൾപ്പടെ 25 ലക്ഷത്തിലധികം രൂപയുടെ പ്രവർത്തനങ്ങള്‍ രണ്ട് കമ്മിറ്റികളിലായി സി.പി.എം നടത്തിയിട്ടുണ്ടെന്നും പ്രസ്താവനിയിലൂടെ പറയുന്നു. പാര്‍ട്ടിയേയും പഞ്ചായത്ത് പ്രസിഡന്റിനെയും അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്. ലോകം ഒന്നാകെ ഒരു മഹാമാരിയെ നേരിടുമ്പോള്‍ വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.