അയർക്കുന്നം: കൊവിഡ് കാലത്തെങ്കിലും റേഷൻ വിതരണത്തിൽ വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണമെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ ആവശ്യപ്പെട്ടു. ഇത്തരക്കാരുട ഉത്കണ്ഠ മാറ്റുവാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും അവർക്കും സൗജന്യ റേഷൻ അനുവദിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. വെള്ള നിറം ഉള്ള റേഷൻ കാർഡ് ഉടമകളിൽ സൗജന്യ റേഷന് അർഹരായവർ നിരവധിയാണെങ്കിലും ഇപ്പോളത്തെ സാഹചര്യത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്കാണ് നിലവിൽ സൗജന്യ റേഷൻ ലഭിക്കുന്നത്. അഞ്ചു കിലോ അരി വീതമാണ് ഒരാൾക്ക് നിലവിൽ ലഭിക്കുന്നത്. എന്നാൽ നിരവധിയായ സാധാരണക്കാർ നീല, വെള്ള കാർഡുകളിലുമുണ്ട്. പുതിയ റേഷൻ കാർഡെടുക്കുന്ന ഭൂരിഭാഗം പേർക്കും വരുമാന വ്യത്യാസമില്ലാതെ വെള്ള കാർഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.