ലോക്ക് ഡൗണിൽ താറാവ് കർഷകർക്ക് കനത്തനഷ്ടം

കോട്ടയം :ഇനി എന്തു ചെയ്യും! താറാവിൻകൂട്ടങ്ങളെ നോക്കി കർഷകർ നെടുവീർപ്പെടുകയാണ്. ലോക്ക് ഡൗൺ കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും താറാവ് കർഷകരുടെയും വയറ്റത്തടിച്ചു. വില്പന കുത്തനെ ഇടിഞ്ഞു. ഫലമോ കർഷകർക്ക് ഇരട്ടിനഷ്ടവും. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമായി ആയിരക്കണക്കിന് താറാവ് കർഷകരാണുള്ളത്. മാർച്ച്,​ ഏപ്രിൽ മാസങ്ങൾ താറാവ് കർഷകരെ സംബന്ധിച്ച് സീസൺ കാലയളവാണ്. എന്നാൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടർന്ന് സീസൺ കാലയളവിലെ വില്പന പൂർണ്ണമായും നഷ്ടമായി. വാങ്ങാൻ ആളില്ലാത്തതിനാൽ വില കുത്തനെ കുറയ്ക്കാൻ കർഷകർ നിർബന്ധിതരായി. താറാവിനെ ഇറച്ചിയാക്കി വിൽക്കുന്ന കടകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നതും കർഷകർക്ക് തിരിച്ചടിയായി.

തളർന്ന് കർഷകർ

മുൻവർഷങ്ങളിൽ സീസൺ കാലയളവിൽ കർഷകർ താറാവിനെ ഇറച്ചി ആവശ്യത്തിന് വിറ്റിരുന്നത് 300 രൂപയ്ക്കാണ്. സീസൺ കാലയളവായിട്ട് പോലും പൂർണ്ണ വളർച്ചയെത്തിയ താറാവുകളെ ഇപ്പോൾ കർഷകർ ചില്ലറ വില്പന നടത്തുന്നത് 200 മുതൽ 250 രൂപയ്ക്കാണ്. ഇറച്ചികടകൾ ഭൂരിഭാഗം അടഞ്ഞുകിടക്കുന്നതിനാൽ മൊത്തകച്ചവടക്കാരും കർഷകരെ കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഇതാണ് താറാവുകളെ വിലകുറച്ച് വിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. ഇറച്ചി ആവശ്യത്തിന് പാകമായ പൂർണ്ണവളർച്ചയെത്തിയ താറാവുകളെ കൂടുതൽ ദിവസം സംരക്ഷിക്കേണ്ടത് തീറ്റ ചിലവും വർദ്ധിപ്പിക്കും. ഇതോടെ സാമ്പത്തികനഷ്ടം മാത്രമാകും ബാക്കിയെന്ന് കർഷകർ പറയുന്നു. താറാവിന് നൽകേണ്ട തീറ്റയുടെ വില വർദ്ധിച്ചതും പ്രതിസന്ധി വർദ്ധിപ്പിക്കുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

വില ഇങ്ങനെ

ഇറച്ചികടകളിൽ (ഒരു താറാവ് )​

350-370 രൂപ

കർഷകർ വിൽക്കുന്നത്

200 - 250 രൂപ

തീറ്റവില : 1500 രൂപ (50 കിലോ)