കോട്ടയം: രണ്ടു ദിവസങ്ങളായി പുതിയ രോഗികൾ എത്തിയിട്ടില്ലെങ്കിലും ഇടുക്കിയും കോട്ടയവും റെഡ് സോണിൽ തന്നെ. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇപ്പോഴും കോട്ടയവും ഇടുക്കിയും മുന്നോട്ടുപോവുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള അൽകേഷ് കുമാർ കോട്ടയത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ കാസർകോട്ടേക്ക് മടങ്ങിപ്പോയ അൽകേഷ്കുമാർ നാളെ വീണ്ടും ജില്ലയിൽ എത്തും.
അതേസമയം ഗ്രീൻ സോണിൽ നിന്നും പെട്ടെന്ന് റെഡ്സോണിൽ അകപ്പെട്ട കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങൾ നീളും. നിയന്ത്രണങ്ങൾക്ക് അല്പം അയവുവരുത്തിയതോടെ ജനം നഗരങ്ങളിലേക്ക് പ്രവേശിച്ചതാണ് കോട്ടയം പെട്ടെന്ന് റെഡ് സോണിൽ അകപ്പെടാൻ കാരണമായതെന്നാണ് വിദഗ്ദ്ധാഭിപ്രായം. ചുരുക്കത്തിൽ രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലാവധി മെയ് മൂന്നിന് തീരുമെങ്കിലും കോട്ടയവും ഇടുക്കിയും ലോക്കിൽതന്നെ തുടരുമെന്നാണ് അറിയുന്നത്.
ഇന്നലെ ലഭിച്ച മുഴുവൻ പരിശോധനാഫലവും നെഗറ്റീവ് ആയത് കോട്ടയത്തിന് അല്പം ആശ്വാസം നല്കുന്നുണ്ട്. 209 ഫലങ്ങളാണ് നെഗറ്റീവ് ആയത്. എന്നാൽ ഇന്നും നാളെയുമായി 272 ആളുകളുടെ ഫലങ്ങൾ എത്താനുണ്ട്. ഇത് പോസിറ്റീവ് എന്ന് കണ്ടെെത്തിയ ആളുകളുമായി നേരിട്ട് ബന്ധപ്പെട്ടവരുടെ റിസൾട്ടാണ്. എല്ലാവരുടെയും റിസൾട്ട് നെഗറ്റീവ് ആകണമെന്നാണ് ഒരു നാടുമുഴുവൻ പ്രാർത്ഥിക്കുന്നത്.
ഇപ്പോൾ 17 പേരാണ് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ഉള്ളത്. ഇതിൽ ഒരാൾ ഇടുക്കി ജില്ലയിൽ നിന്ന് എത്തിയതാണ്. ഒരാൾ കോട്ടയം താലൂക്ക് ആശുപത്രിയിലും കഴിയുന്നുണ്ട്. എല്ലാവരുടെയും നില തൃപ്തികരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. 1256 പേരാണ് ഹോം ക്വാറന്റെനിൽ കഴിയുന്നത്.
എം.ജി സർവകലാശാലയുടെ കീഴിലുള്ള തലപ്പാടി കൊവിഡ് പരിശോധന കേന്ദ്രത്തിൽ കേടായ പിസിആർ യൂണിറ്റ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്. കോട്ടയത്ത് രോഗം പിടിപെട്ടവരുടെ എണ്ണം കൂടിയതോടെ അയൽജില്ലക്കാർ പോക്കറ്റ് റോഡുകൾ വരെ അടച്ച് ഗതാഗതം നിയന്ത്രിച്ചു. മണ്ണും മെറ്റലും കരിങ്കല്ലും ഇട്ടാണ് റോഡുകൾ ബ്ലോക്ക് ചെയ്തത്. പ്രധാന റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് കൂടുതൽ പൊലീസിനെ നിയോഗിച്ചാണ് ചെക്കിംഗ് നടത്തുന്നത്. പരിശോധന കർക്കശമാക്കിയതോടെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്.