behra

കോട്ടയം: റെഡ് സോണിൽ അകപ്പെട്ട ജില്ലകളിൽ അങ്ങോട്ടും ഇങ്ങോട്ടും പ്രവേശനം നിഷേധിച്ച് ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത് പൊലീസിനുതന്നെ വിനയായി. കോവിഡ് നിയന്ത്രണത്തിനായി നിയോഗിക്കപ്പെട്ട റവന്യു, ആരോഗ്യ, നഗരസഭാ ജീവനക്കാർക്കും പൊലീസിനും ജില്ല മാറി ജോലിചെയ്യാൻ പറ്റാത്ത അവസ്ഥ സംജാതമായതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുകഴിഞ്ഞു.

ആലപ്പുഴ ജില്ലയിൽ താമസിച്ച് കോട്ടയം ജില്ലയിലെ വൈക്കത്തും മറ്റും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ മുഹമ്മ പൊലീസ് ഇന്നലെ തടഞ്ഞു. ഇതിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടുന്നു. ഡ്യൂട്ടിയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തിയെങ്കിലും കടത്തിവിടാൻ മുഹമ്മ പൊലീസ് തയാറായില്ല. ഇവർക്ക് വീടുകളിലേക്ക് തന്നെ മടങ്ങേണ്ടിവന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവിയെ പൊലീസുകാർ വിവരം അറിയിച്ചു.

പ്രശ്നം സങ്കീർണ്ണമായതിനെ തുടർന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫ് വിവരം ഐ.ജി യെ ധരിപ്പിച്ചു. ഇതേ തുടർന്ന് കൂടുതൽ യാത്ര ഒഴിവാക്കി പൊലീസ് ഓഫീസർമാരെ ബോർഡറിൽ തന്നെ നിയമിക്കാൻ ഐ.ജി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഉത്തരവ് നല്കി. എന്നാൽ, റവന്യു, മുനിസിപ്പൽ വകുപ്പുകളിലെ ജീവനക്കാർക്ക് ഓഫീസുകളിൽ എത്താൻ സാധിക്കുന്നില്ല.

എറണാകുളത്ത് ജോലി ചെയ്യുന്ന കോട്ടയം ജില്ലക്കാരുടെയും അവസ്ഥ ഇതുതന്നെ. റവന്യു ഉൾപ്പെടെയുള്ള ഡിപ്പാർട്ടുമെന്റുകളിൽ ജോലിചെയ്യുന്നവരെയും ജില്ലാ അതിർത്തി കടത്തിവിടുന്നില്ലെന്നാണ് ആക്ഷേപം.