കോട്ടയം: റെഡ് സോൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ മുഴുവൻ മാർക്കറ്റുകളിലും കടുത്ത നിയന്ത്രണം. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാർക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ പി.കെ. സുധീർ ബാബു ചുമതല നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദേശങ്ങൾ പരിഗണിച്ചാണിത്.

മാർക്കറ്റിലേയ്ക്ക് പ്രവേശിക്കുന്ന ലോറികൾ അൺലോഡിംഗ് പാസ് വാങ്ങണം. ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണം. പാസില്ലാത്ത വാഹനങ്ങളിൽനിന്ന് ചരക്ക് ഇറക്കരുത്. മൊത്തവിതരണ, കച്ചവടക്കാർ ദിവസേന തങ്ങളുടെ കടയിൽ ലോഡ് ഇറക്കിയ വാഹനങ്ങളുടെയും തൊഴിലാളികളുടെയും പേരുവിവരവും ഫോൺ നമ്പരുകളും എഴുതി സൂക്ഷിക്കണം. ലൈസൻസ് ഇല്ലാത്ത കച്ചവടം നിരോധിച്ചിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണം.

മറ്റ് നിയന്ത്രണങ്ങൾ

 ചരക്കുവാഹനങ്ങൾ പോകുന്നതിന് പ്രത്യേക മേഖലകൾ നിർണയിക്കണം.

 പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോൾ അണുനശീകരണം നടത്തണം

 ഡ്രൈവർമാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം

 പനിയുടെ ലക്ഷണം കണ്ടാൽ ഉടൻ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റണം

 ലോറി തൊഴിലാളികൾക്ക് ഭക്ഷണം പൊതിയായി കടയുടമകൾ നൽകണം

 ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കണം

''നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നടപടി ഉറപ്പാണ് ''

പി.കെ.സുധീർ ബാബു കളക്ടർ