കോട്ടയം: ലോക്ക് ഡൗണായതോടെ റോഡിലെ അപകടം പത്ത് ശതമാനത്തിലും താഴെയായി . പക്ഷേ, അപ്പോഴും വിവിധ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് നിലവിളി ശബ്ദമിട്ട് പരിക്ക് പറ്റിയവരുമായി ആംബുലൻസെത്തുണ്ട്. ഇക്കുറി ചതിച്ചത് റോഡല്ല, പ്ളാവും തെങ്ങും മാവുമൊക്കെയാണ്!
റോഡപകടം കുറഞ്ഞെങ്കിലും മരത്തിൽ നിന്ന് വീഴുന്നവരുടെ എണ്ണം കൂടിയതായാണ് വിവിധ ആശുപത്രികളിൽ നിന്നുള്ള കണക്ക്. ലോക്ക് ഡൗണായതോടെ വീട്ടിലിരിക്കുന്നവർ പുതിയ സ്കില്ലുകൾ പരീക്ഷിക്കുന്നതാണ് പണിയാകുന്നത്. പ്ളാവിൽ കയറി ചക്കയിടുന്നത് മുതൽ മാങ്ങ പറിക്കുന്നവരും തെങ്ങിൽ കയറുന്നതിൽ വരെ ഗൃഹനാഥൻമാർ സ്വയംപര്യാപ്തത നേടാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം പണികൾ. കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് പേരെങ്കിലും മരത്തിൽ നിന്ന് വീണ് എത്തുന്നുണ്ടെന്നാണ് കണക്ക്.
മരംകയറാൻ ആളില്ല
പ്രൊഫഷണൽ മരംകയറ്റക്കാരെല്ലാം ലോക്ക് ഡൗൺ മൂലം വീട്ടിലാണ്. പറമ്പിലാണെങ്കിൽ ചക്കയും മാങ്ങയും ഇഷ്ടംപോലെയും. ഇതോടെയാണ് ഓരോരുത്തരും സാഹസികതയ്ക്ക് മുതിരുന്നത്. കഴിഞ്ഞദിവസം മണിമലയിൽ പത്ത് വർഷത്തിന് ശേഷം മരംകയറാൻ ശ്രമിച്ച് പണികിട്ടിയത് സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിംഗ് മാനേജർക്കാണ്. നെടുങ്കുന്നം പഞ്ചായത്തിൽ ചക്ക പറിക്കാൻ ഏണി ചാരിവച്ച് കയറിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ താഴെ വീണത് സ്കൂൾ അദ്ധ്യാപകനും. വൈക്കത്ത് മാവിൽ നിന്ന് വീണ പരിക്കേറ്റ യൂണിവേഴ്സിറ്റി ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലുണ്ട്. മരത്തിൽ നിന്ന് വീഴുന്നവരിൽ ഏറെയും ഇതുപോലെ വൈറ്റ് കോളർ ജോലിക്കാരാണ്.
'' മരത്തിൽ നിന്ന് വീഴുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സാധാരണ അപൂർവമായേ മരത്തിൽ നിന്ന് വീഴാറുള്ളൂവെങ്കിൽ ഇതിപ്പോൾ പതിവാണ്''
ഡോ. എം.സി ടോമിച്ചൻ, ഓർത്തോ വിഭാഗം, മെഡിക്കൽ കോളേജ്