കോട്ടയം: കരിഞ്ഞുണങ്ങിയ ഏത്തക്കുലകൾ, ചീഞ്ഞളിഞ്ഞ പഴങ്ങളും പച്ചക്കറികളും സവാളയും ... ഒരാഴ്‌ചയ്‌ക്കു ശേഷം കോട്ടയം നഗരത്തിലെ പ്രധാന മാർക്കറ്റ് തുറന്നപ്പോൾ കണ്ടത് ഈ ദയനീയ ചിത്രം. കോട്ടയം ടി.ബി റോഡിൽ നിന്ന് മാർക്കറ്റിലേയ്ക്കു കയറുന്ന ഭാഗത്തെ ഒരു കടയിൽ മാത്രം മൂന്നു ലക്ഷം രൂപയുടെ പഴങ്ങളാണ് നശിച്ചത്. മൊത്തം കണക്കെടുത്താൽ അരക്കോടി രൂപയുടെ സാധനങ്ങൾ നശിച്ചിട്ടുണ്ട്.
ഏപ്രിൽ 22 നാണ് കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ മാർക്കറ്റ് അടച്ചു. ഒാർക്കാപ്പുറത്തായിരുന്നതിനാൽ സാധനങ്ങൾ എടുത്ത് മാറ്റാൻ സമയം ലഭിച്ചില്ല. ഇടയ്ക്ക് പച്ചക്കറി മാർക്കറ്റിലെ സാധനങ്ങൾ മാറ്റുന്നതിന് സമയം അനുവദിച്ചിരുന്നു. എന്നാൽ ഒരാഴ്‌ചയായിട്ടും പ്രധാന മാർക്കറ്റിലെ സാധനങ്ങൾ മാറ്റാൻ സാധിച്ചിരുന്നില്ല. ഇത് നശിച്ചു പോകുമെന്നു വ്യാപാരികൾ പരാതി പറഞ്ഞതോടെയാണ് ഇന്നലെ രാവിലെ അതു തുറക്കാൻ അനുവാദം നൽകിയത്. അത്യാവശ്യ സാധനങ്ങൾ എടുത്തുമാറ്റാൻ അനുമതി നൽകിയശേഷം മൂന്നു മണിയോടെ അടയ്‌ക്കുകയും ചെയ്തു. പല കടകളിലും അഞ്ചു ലക്ഷം രൂപയുടെ വരെ പച്ചക്കറികളും പഴങ്ങളും സ്റ്റോക്കുണ്ടായിരുന്നു. ഒരാഴ്‌ച കൊണ്ട് ഇതെല്ലാം പൂർണമായും നശിച്ചു.
മാർക്കറ്റിലെത്തിയ മൂന്നു പേർക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്കു ശേഷമേ മാർക്കറ്റ് തുറക്കൂ.