നാലര മാസത്തിനുശേഷം...
നാലര മാസമായി അടഞ്ഞു കിടക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുകയാണ്. വേമ്പനാട്ടുകായലിൽ ഒഴുക്കു നിലച്ച് സമീപ ആറുകളിലും തോടുകളിലും പായൽ നിറഞ്ഞു ജല മലിനീകരണം രൂക്ഷമായതോടെ കുട്ടനാടും അപ്പർ കുട്ടനാടും പകർച്ച വ്യാധി ഭീഷണിയിലായിരുന്നു .ബണ്ട് തുറക്കുന്നതോടെ കായലിൽ ഒഴുക്കാകും .ബണ്ടിനപ്പുറത്തു നിന്ന് ഉപ്പുവെള്ളമെത്തുന്നതോടെ മാലിന്യങ്ങൾ ഇല്ലാതാകുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
തുറക്കുമ്പോൾ...
പുതിയ പാലത്തിന് താഴെയുള്ള മൺചിറ പൂർണമായും നീക്കിയതിന് ശേഷം ആദ്യമായാണ് ഷട്ടർ തുറക്കുന്നത്. ഒഴുക്ക് അതിനാൽ ശക്തമാകും. ബണ്ടിന്റെ ഇരുവശത്തും ജലനിരപ്പ് തുല്യമാകുന്നതോടെ ഉപ്പുവെള്ളം കയറി വരും. പുഴകളിലെ കുടിവെള്ള സ്രോതസിനെ ബാധിക്കാതിരിക്കാൻ മീനച്ചിലാറിന്റെ പല ഭാഗങ്ങളിലും മൺചിറ കെട്ടിയിട്ടുണ്ട്. ഉപ്പുവെള്ളത്തിൽ പായലും മറ്റും ചീഞ്ഞഴുകുന്നത് ജല ഗതാഗതത്തിന് സഹായകമാണ്. മാലിന്യം ഇല്ലാതാകുമെങ്കിലും ഉപ്പുവെള്ളം പകർച്ച വ്യാധികൾക്ക് ഇടയാക്കും. മഴക്കാല രോഗങ്ങൾ പടരുന്നതിന്റെ ആശങ്കയിലാണ് ജില്ലയിപ്പോൾ. അയ്മനത്ത് എലിപ്പനി റിപ്പോർട്ട് ചെയ്തു. ജില്ലയിൽ നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മുളക്കുളം, എരുമേലി, സ്വദേശികൾക്ക് ഡെങ്കിപനി സ്വിരീകരിച്ചു
ആരോഗ്യവകുപ്പ് പറയുന്നത്...
കൊവിഡ് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിനാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താതിരിക്കുന്നതാണ് ഉചിതം. സമീപ സർക്കാർ ആശുപത്രികളിൽ എത്തിയ ശേഷം ചികിത്സ ഒഴിവാക്കാൻ പറ്റാത്ത ഗുരുതരസാഹചര്യത്തിൽ റഫർ കേസായി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിയാൽ മതി .
ഡോ.ടി.കെ .ജയകുമാർ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്
ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ശ്രദ്ധ ചെലുത്തണം. തോടുകളിലും പായൽ നിറഞ്ഞ സ്ഥലങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്ന തൊഴിലാളികൾ കാലുകൾ അണുവിമുക്തമാക്കണം.ശുദ്ധജലമേ കുടിക്കാനും കൈകാൽ കഴുകാനും ഉപയോഗിക്കാവൂ.
വെള്ളം കെട്ടി നിന്ന് കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
ഡോ.ജേക്കബ് വർഗീസ്, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ
കോട്ടയം മെഡിക്കൽ കോളേജിൽ
സാംക്രമിക രോഗ ചികിത്സക്ക്
എത്തിയത് 1100 പേർ