കോട്ടയം: ഒരുപറ്റം കലാസൃഷ്ടികൾ. കവിതകൾ, കഥകൾ, നൃത്തങ്ങൾ,​ ജീവൻതുടിക്കുന്ന ചിത്രങ്ങൾ... ഇത് കുരുന്നുകളുടെ ആത്മസമർപ്പണമാണ്, കൊവിഡിനെ തുരുത്താൻ കൈകോർത്തവർക്കായി. കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിലെ കുരുന്നുകളാണ് കൊവിഡിനെതിരെ പോരാടുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കുട്ടിപത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. കൈകൾ കൂപ്പാം ഹൃദയങ്ങൾ ചേർക്കാം എന്ന സന്ദേശമുയർത്തിയാണ് കുരുന്നുകൾ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മെയ് ദിനാഭിവാദ്യങ്ങൾ അർപ്പിക്കുന്നത്. പ്രൈമറി തലം മുതൽ ഹൈസ്കൂൾ വിഭാഗം വരെയുള്ള കുട്ടികളുടെ പങ്കാളിത്തതോടെ 637 രചനകളാണ് പ്രത്യേക പതിപ്പിനായി ഒരുക്കിയത്. വിദഗ്ദ്ധ സമിതിയെ നിയോഗിച്ചാണ് മികച്ച രചനകളും ചിത്രങ്ങളും തിരഞ്ഞെടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെയും വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് കുട്ടിപത്രത്തിന്റെ പ്രത്യേക പതിപ്പിലേക്ക് കലാസൃഷ്ടികൾ സമാഹരിച്ചത്.സ്കൂൾ സീനിയർ പ്രിൻസിപ്പൽ വി.കെ ജോർജ്,​ സ്കൂൾ മാനേജർ അഡ്വ.വി.പി അശോകൻ,​ കമ്പ്യൂട്ടർ അദ്ധ്യാപിക രമ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.