കോട്ടയം: മൂന്നു ദിവസമായി പുതിയ കോവിഡ് രോഗികളില്ലെങ്കിലും കോട്ടയത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണം ഉയരുകയാണ്. മൂന്നു ദിവസത്തിനുള്ളിൽ ആലപ്പുഴ വൈറോളജി ലാബിലേയ്ക്കയച്ച 452 ഫലം ഇനിയും അറിയാനുണ്ട് .

എം.ജി.സർവകലാശാല വക തലപ്പാടി സെന്ററിൽ പരിശോധന പുനരാരംഭിച്ചിട്ടില്ല. ഇവിടെ ഒരു വട്ടം പരിശോധിച്ച ഫലം വീണ്ടും ഇവിടെ തന്നെ പരിശോധിക്കേണ്ടതിനാൽ പെൻഡിംഗിലാണ്. കോട്ടയത്തിന് പുറമേ ഇടുക്കി ,പത്തനംതിട്ട ജില്ലകളിലെ സാമ്പിളും ആലപ്പുഴയിലേയ്ക്കാണ് ആധികാരിക പരിശോധനയ്ക്ക് അയയ്ക്കുന്നത്. സാമ്പിളുകളുടെ എണ്ണം കൂടിയതോടെയാണ് ഇവിടെ ഫലം വൈകുന്നത്. ഒരു ദിവസം 50 സാമ്പിളുകൾ പരിശോധിക്കാൻ സൗകര്യമുള്ള കോട്ടയം മെഡിക്കൽ കോളേജിലും നിരവധി ഫലം കാത്തിരിപ്പുണ്ട്. 200 സാമ്പിൾ പരിശോധനാ സൗകര്യമുള്ള തലപ്പാടിയിൽ കേടായ പി.സി.ആർ യന്ത്രത്തിന് പകരം ആരോഗ്യമന്ത്രി ഇടപെട്ട് പുതിയ യന്ത്രം എത്തിക്കാൻ ശ്രമം തുടങ്ങി. മൂന്നു ദിവസമായിട്ടും പാർട്സ് ലഭ്യമാക്കിയില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. പാർട്സ് വിൽക്കുന്ന കട തുറക്കുന്നില്ലെന്ന തൊടു ന്യായമാണ് അധികൃതരുടേത്.

രോഗികൾ കൂടിയില്ല,ഹോട്ട് സ്പോട്ട് കൂടി

കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും കോട്ടയത്ത് ഹോട്ട് സ്പോട്ടുകൾ കൂടി. ഇന്നലെ വൈക്കം ഉദയനാപുരം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. വടയാറിൽ രോഗം സ്ഥിരീകരിച്ചവുമായി ബന്ധപ്പെട്ടവരുടെ എണ്ണം കൂടിയത് പരിഗണിച്ചാണ് ഉദയനാപുരം ഹോട്ട് സ്പോട്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. 79 പ്രൈമറി സെക്കൻഡറി കോൺടാക്ടുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട് . ഒമ്പതു പഞ്ചായത്തുകൾ ജില്ലയിൽ ഹോട്ട് സ്പോട്ടിലാണ്. കോട്ടയം നഗരസഭയിൽ ആറ് വാർഡുകളും ചങ്ങനാശേരി നഗരസഭയിൽ ഒരു വാർഡും ഹോട്ട് സ്പോട്ടിലാണ് .