പൊൻകുന്നം: കൊവിഡിനെ തുടർന്ന് കാർഷികമേഖലയില്‍ ഉണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആന്റോ ആന്റണി എം.പി. ആവശ്യപ്പെട്ടു. രണ്ടു വര്‍ഷത്തേക്ക് റബർ ഇറക്കുമതി നിറുത്തിവയ്ക്കണമെന്നും റബർ ബോർഡ് കർഷകർക്ക് കൈത്താങ്ങായി മാറണമെന്നും എം.പി.പറഞ്ഞു.

ചെറുകിട ഇടത്തരം റബർ കർഷകർക്ക് ഉത്പന്നങ്ങല്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല. ടാപ്പിംഗ് നിറുത്തിവയ്ക്കാന്‍ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. മറ്റ് ഫലവൃക്ഷങ്ങൾ കൃഷിചെയ്ത കർഷകരും ആശങ്കയിലാണ്. റംബൂട്ടാൻ, മാംഗോസ്റ്റിൻ എന്നിവയുടെ സംഭരണം നിലച്ചു. വിപണി കണ്ടെത്താന്‍ സാധിക്കാതെ വൻനഷ്ടമാണ് കർഷകർ നേരിടേണ്ടി വരുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണവും ഏറി. വനാതിർത്തിയിൽ സോളാർ വേലികള്‍ സ്ഥാപിക്കണം. ബാങ്കുകള്‍ പലിശരഹിത വായ്പകൾ നൽകണമെന്നും മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കൃഷി ജോലികള്‍ക്ക് കൊവിഡ് നിയന്ത്രണ ഇളവ് നല്‍കിയ ഉത്തരവില്‍ റബര്‍ കർഷകരേയും ഉൾപ്പെടുത്തണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.