പൊൻകുന്നം: സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നതിനായി റബർ സംഭരണത്തിനുള്ള സഹായം വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കൈലാസ് ചൗധരിയോട് റബർ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് കെ.വി. നാരായണൻ അഭ്യര്‍ത്ഥിച്ചു. മന്ത്രിയുമായി വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. നിലവിൽ റബർ ബോർഡ് ഒരു കോടി രൂപ ആർപിഎസ് വഴി റബർ സംഭരിക്കുന്നതിന് നൽകിയിട്ടുണ്ട്. റെയിന്‍ ഗാർഡിനും, തുരിശ്ശടിക്കും മറ്റുമായി കര്‍ഷകര്‍ക്ക് കൂടുതല്‍ പണം ആവശ്യമുള്ള ഈ സമയത്ത് റിവോൾവിംഗ് ഫണ്ടായി റബര്‍ ബോർഡിന് അധിക സഹായം നല്‍കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു. പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും റബർ വിഷയങ്ങൾ കൂടുതല്‍ വിശദമായി ചർച്ച ചെയ്യുന്നതിന് കൊമേഴ്സ് മിനിസ്ട്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.