ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. എന്തൊക്കെയോ കുത്തിനിറച്ച വലിയൊരു പ്ലാസ്റ്റിക് സഞ്ചി തുറന്ന് അതിൽ നിന്നൊരു പൊതി വലിച്ചെടുത്ത് മേശപ്പുറത്ത് വച്ചു അനില.
''നല്ല തണുപ്പുണ്ട്. ജനാല അടയ്ക്കട്ടേ... സുനിൽ. അല്ലെങ്കിലും ഇരുട്ടുവീണു തുടങ്ങിയല്ലോ. വല്ലതും കഴിച്ചുകിടന്നുറങ്ങാം.""
തന്റെ ക്ഷീണിച്ച കൈകൾ കമ്പികൾക്കിടയിലൂടെ കടത്തി ജനൽപാളികൾ വലിച്ചടുപ്പിച്ച് കുറ്റിയിട്ടു അവൾ. രണ്ടു ബാഗുകളും പ്ലാസ്റ്റിക് സഞ്ചിയും ചെറിയ ഭിത്തി അലമാരയുടെ തട്ടുകളിലേക്ക് തള്ളിവയ്ക്കുകയായിരുന്നു സുനിൽ അപ്പോൾ. ബാത്ത് റൂമിനോട് ചേർന്നുള്ള ഇത്തിരിപ്പോന്ന വാഷ് ബേസിനിൽ കൈയും മുഖവും കഴുകിവന്ന സുനിൽ മേശയുടെ അടിയിലേക്ക് തള്ളിയിട്ടിരുന്ന കസേര വലിച്ചുനീക്കിയിട്ടു. മറ്റൊരു കസേര അവൾക്കിരിക്കാൻ പാകത്തിലും അടുപ്പിച്ചിട്ടു. മേശപ്പുറത്ത് വച്ച് പൊതി തുറന്ന് അതിൽ നിന്നൊരു പ്ലാസ്റ്റിക് കവർ പുറത്തുവച്ചു അനില. കവർ സാവകാശം പൊട്ടിച്ച് വാടിത്തുടങ്ങിയ വാഴയിലയിൽ പൊതിഞ്ഞ മസാലദോശകൾ അവർ രണ്ടുപേരും കൂടി കണ്ണിൽ കണ്ണിൽ നോക്കി ആർത്തിയോടെ വിഴുങ്ങി. കണ്ണുകളിലെ പ്രണയാഗ്നിയും ഉദരങ്ങളിലെ ജംരാഗ്നിയും പരസ്പരം പുണർന്ന് ആളിക്കത്തി.
''കൈയൊന്നു കഴുകിവരാം സുനീ. അല്പം ക്ഷമ ഏതിനും നല്ലതാ""...
''ങും ഹും. ക്ഷമ ഉണ്ടായിരുന്നെങ്കിൽ നീ ഇന്നെന്റെ കൂടെ വരുമായിരുന്നോ? അല്ലെങ്കിലും നീ അടുത്തുള്ളപ്പോൾ ഞാൻ എന്തിനു ക്ഷമിച്ചിരിക്കണം മോളേ...?""
അവന്റെ സ്വരം വികാരഭരിതമായതിനൊപ്പം അവളുടെ വിടർന്ന കണ്ണുകൾ വലുതായി. വെളിച്ചം അണഞ്ഞതിനുശേഷം ഇരുട്ടുപടർന്ന ആകാശവിതാനത്തിൽ കാർമേഘപ്പുതപ്പ് വലിച്ചുനീക്കി ഇടയ്ക്കിടെ നക്ഷത്രക്കൂട്ടങ്ങൾ ഒളിഞ്ഞുനോക്കിയതും പാതിരാപ്പുള്ളുകൾ ഇണതേടി അലഞ്ഞതും ഒന്നും അവരറിഞ്ഞതേയില്ല. വിലക്കുകളും വിലങ്ങുകളുമില്ല. സ്വച്ഛന്ദമായൊഴുകുന്ന പുഴ.
എപ്പോഴോ കണ്ണുതുറന്നപ്പോൾ അവൾ സ്വയം ചോദിച്ചു. ദൈവമേ... ഞാൻ ഇതെവിെടയാണ്? ജാലകവാതിൽ തുറന്നപ്പോൾ തണുത്ത കുളിർക്കാറ്റ് അകത്തേക്ക് തള്ളിക്കയറി. പുറത്തു തുള്ളിത്തുള്ളിയായി മരങ്ങൾ പെയ്തുകൊണ്ടിരുന്നു. നേരംപുലർന്നതും മഴ പെയ്തു തോർന്നതും ഒന്നുംഅറിയാതെ പോയതിൽ ജാള്യം തോന്നി.
''സുനീ എഴുന്നേൽക്കൂ നേരം ഒരുപാടായി.""
അവൾ സുനിലിനെവിളിച്ചെഴുന്നേല്പിച്ചു.
''ദേ...ഒരു കാര്യം പറഞ്ഞേക്കാം. നീ ഇനി എന്നെ സുനിയെന്നു വിളിക്കണ്ട. ചേട്ടാ എന്നു മാത്രം വിളിച്ചാൽമതി. നമ്മൾ ഭാര്യാ- ഭർത്താക്കന്മാരാണെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇനി നീ അനിലയല്ല, അലീനയാണ്. ഞാൻ ജേക്കബും. നമ്മളിവിടെ ഹണിമൂണിന് വന്നിരിക്കുകയാണ്. ആരും കണ്ടുപിടിക്കരുതെന്നു കരുതിയുള്ള അറേഞ്ച്മെന്റ്സ് നിനക്കറിയാമല്ലോ. അതുകൊണ്ട് അലീനേ നീ ഞാൻ പറയുന്നതുപോലെയെല്ലാം നിന്നോളണം.""
''ശരി. എന്നാലും അവരിപ്പോൾ നമ്മളെ അന്വേഷിക്കുന്നുണ്ടാകും അല്ലേ?""
''ആര്?""
''നമ്മുടെ രണ്ടുപേരുടെയും വീട്ടുകാര്. പിന്നെ നമ്മുടെ കോളേജിലെ ആൾക്കാര്.""
''അവരൊക്കെ പോകാൻ പറ. ഇതു നമ്മുടെ രണ്ടുപേരുടെയും ജീവിതമാ. ഇതിൽ മറ്റാരും ഇടപെടേണ്ട.""
''എന്നാലും സുനീ, അല്ല ചേട്ടാ... ഇന്നലെ ഞാനാ എറണാകുളം ബസിൽ കയറിയപ്പോ എന്റെ വീടിനടുത്തു താമസിക്കുന്നൊരാള് എന്നെ തറപ്പിച്ചു നോക്കുന്നത് ഞാൻ കണ്ടതാ. ആരും സംശയിക്കരുതെന്ന് വിചാരിച്ചു നമ്മൾ ഒന്നിച്ചൊരു സീറ്റിൽ അല്ലല്ലോ ഇരുന്നത്. അതുകൊണ്ട് അയാൾ പിന്നെ നോക്കിയില്ല. എങ്കിലും... ആരെങ്കിലും തെരക്കി വരുമോന്നാ എനിക്ക്...""
''ഇല്ലെടീ. അവര് ചെലപ്പോ എറണാകുളം ലോഡ്ജുകളിലൊക്കെ തിരക്കും. അവിടെങ്ങുമില്ലെന്നു കണ്ടാൽ റെയിൽവേ സ്റ്രേഷനിൽ പോകും. ഒരുപക്ഷേ നമ്മുടെ ബന്ധുവീടുകളിലും വിളിച്ചു ചോദിച്ചെന്നിരിക്കും. എറണാകുളത്തു നിന്നു നമ്മളീ കിഴക്കൻ മലയടിവാരത്തേക്കാണ് പോന്നതെന്നു ആരും വിചാരിക്കുവേല. ഈ കുന്നിന്റെ മോളിൽ ഇങ്ങനെയൊരു ഏകാന്ത ലോഡ്ജ് കിട്ടുമെന്നു ഞാനും പ്രതീക്ഷിച്ചില്ല മോളേ. ങ്ഹാ... എല്ലാമൊന്നു ആറിത്തണുക്കട്ടെ. മര്യാദയ്ക്ക് കല്യാണം നടത്തിത്തരാൻ ഞാൻ പറഞ്ഞതല്ലേ? അപ്പം രണ്ടു വീട്ടുകാർക്കും സമ്മതമല്ല.""
''അതുപിന്നെ... ചേട്ടന് പത്തൊൻപത് വയസും എനിക്ക് പതിനേഴും. നമുക്ക് കെട്ടുപ്രായമാകട്ടെ... എന്നിട്ട് ആലോചിക്കാമെന്നാ അച്ഛനുമമ്മേം പറഞ്ഞത്. അതും പോരാഞ്ഞ് പെണ്ണുംകെട്ടീട്ട് എവിടുന്നെടുത്ത് ചെലവിന് കൊടുക്കുമെന്ന് ചേട്ടന്റച്ഛനും ചോദിച്ചില്ലേ?""
''അതൊക്കെ നേരു തന്നാ. ഇനി നമ്മളിങ്ങനെ വന്ന് ഒരുമിച്ച് താമസോം കഴിഞ്ഞു ചെല്ലുമ്പം അവർക്ക് കെട്ടിച്ചുതരാതെ നിവൃത്തിയില്ലെടീ. അതല്ലേ നമ്മളീ മാർഗം നോക്കിയേ. എനിക്ക് നീയില്ലാതെ ഒരുദിവസം പോലും കഴിയാൻ വയ്യ. നിനക്കും അങ്ങനെ തന്നെയല്ലേ? അപ്പോപ്പിന്നെ നമ്മൾ വേറെന്തു ചെയ്യാനാ? ഒരാഴ്ച ഇങ്ങനെയൊക്കെ പോട്ടെ. അതുകഴിയുമ്പം തിരിച്ചുപോകാം. അതുവരെ നീ ഒന്നും ചിന്തിക്കണ്ട. നമുക്ക് സന്തോഷമായി കഴിയാം. എന്തൊരു തണുപ്പ്! രാവിലെ ഒരു ചൂടു ചായയോ കാപ്പിയോ കിട്ടുമോന്ന് നോക്കട്ടേ...""
പടികളിറങ്ങി ചെല്ലുമ്പോൾ റിസപ്ഷനിൽ മാനേജർ പത്രം വായിച്ചിരിക്കുകയായിരുന്നു. കൈയിലിരുന്ന സിഗരറ്റ് കുറ്റി കുത്തിക്കെടുത്തി ആഷ് ട്രേയിൽ നിക്ഷേപിച്ച് അയാൾ പുഞ്ചിരിച്ചു.
''ഒരു കാപ്പിയോ ചായയോ കിട്ടാനെന്താ മാർഗം?""
''ഇവിടെ റെസ്റ്റോറന്റ് ഒന്നുമില്ല. കട്ടൻ മാത്രം മതിയെങ്കിൽ റൂം ബോയിയോട് പറഞ്ഞാൽ ഉണ്ടാക്കിത്തരും. കഴിക്കാനെന്തെങ്കിലും വേണമെങ്കിൽ ദാ ഓപ്പോസിറ്റുള്ള ചെറിയ കടയിൽ കിട്ടും.""
''തത്ക്കാലം കട്ടൻ കിട്ടിയാൽ മതി.""
മാനേജർ മേശപ്പുറത്തിരുന്ന തുരുമ്പെടുത്തു തുടങ്ങിയ കോളിംഗ്ബെല്ലിൽ വിരലമർത്തി. മുന്നിലെത്തി വണങ്ങിനിന്ന വെളുത്തുമെലിഞ്ഞ പയ്യനോട് രണ്ടു കാപ്പി ഓർഡർ ചെയ്തു. സുനിൽ റൂമിലേക്ക് മടങ്ങി.
''നമ്മൾ കൊണ്ടുവന്നിട്ടുള്ള ബ്രെഡും പഴവുമെടുക്ക്. വേറൊന്നും തത്ക്കാലമിവിടെ കിട്ടില്ല. കട്ടൻ കാപ്പി കൊണ്ടുവന്നുതരും. അപ്പോൾ ഉച്ചക്കോ?""
''ഉച്ചയ്ക്കും ഇതൊക്കെ തന്നെ കഴിക്കാം. അല്ലെങ്കിൽ അങ്ങ് ഒരുപാടകലെ പോകേണ്ടിവരും. ഈ പെരുമഴയത്ത് എങ്ങനെ പോകാനാ? മഴ മാറുമോന്നു നോക്കാം. എന്നിട്ടെന്തെങ്കിലും ചെയ്യാം. "
അനില ജനാലയിലൂടെ താഴേക്ക് നോക്കി. അധികം അകലെയല്ലാതെ താഴ്വരയുടെ ഏറ്റിറക്കങ്ങൾ. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന താഴ്വാരത്തിൽ വളരെ അപൂർവമായി മൂന്നോ നാലോ വീടുകൾ. താഴ്വരയിൽ നിറയെ കുളിർന്നു വിറച്ചുനിൽക്കുന്ന പൊന്തക്കാടുകളും വന്മരങ്ങളും. ഉയരത്തിൽ നിൽക്കുന്ന രണ്ടുമരങ്ങൾക്കിടയിലൂടെ വെളുക്കെ ചിരിച്ചൊഴുകുന്ന പുഴ നിറഞ്ഞു കവിയാറായിട്ടുണ്ട്. പുഴയ്ക്ക് കുറുകെ ഒരു ചെറിയ പാലം. മഴ ഇനിയും പെയ്താൽ വെള്ളം പാലത്തിനൊപ്പമെത്താനും കവിയാനുമിടയുണ്ട്. മാനം കണ്ടിട്ട് മഴ ഇനിയും പെയ്യുമെന്നു തോന്നുന്നു. ആകെ മൂടിപ്പുതച്ചു കനം തൂങ്ങി നിൽക്കുന്ന അന്തരീക്ഷം. മാനം നിറയെ കൊമ്പനാനകളെപോലെ കരിമേഘക്കൂട്ടങ്ങൾ. റൂം ബോയ് കാപ്പിയുമായെത്തി. ഒരു പത്രക്കടലാസു വിരിച്ച് അതിന്മേൽ ബ്രഡ് കഷണങ്ങൾ നിരത്തി അനില.
''നമുക്കീ താഴ്വരയിലൊക്കെ ഒന്നിറങ്ങി നടക്കണം. നല്ല പ്രകൃതിഭംഗിയുള്ള പ്രദേശമാണ്. പൊതുവേ വിജനമായ സ്ഥലം. ഈ ലോഡ്ജിലാണെങ്കിൽ നമ്മളല്ലാതെ വേറെ താമസക്കാർ ആരുമില്ല. അടുത്ത രണ്ടുമുറികളും ഒഴിഞ്ഞു കിടക്കുകയാണ്. മഴക്കാലമായതുകൊണ്ടായിരിക്കും... ഹൊ... എന്തൊരു മഴയാണ്. തുള്ളിക്കൊരു കുടം തന്നെ!""
''ഇന്നത്തേടം കൂടി കഴിയട്ടെ.""
സുനിൽ പറഞ്ഞു.
''വല്ലാത്ത തണുപ്പല്ലേ. ഉടനേ മഴ കടുക്കുന്ന ലക്ഷണമാ. അതുകൊണ്ട് നാളെ സൈറ്റ് സീയിംഗിനിറങ്ങാം.""
അങ്ങനെ രണ്ടാം ദിവസവും നാലു ചുവരുകൾക്കുള്ളിലൊതുങ്ങി. കൂട്ടിന് ബ്രഡും പഴവും കട്ടനും. അനിലയ്ക്ക് മടുപ്പുതോന്നിത്തുടങ്ങി. ഈ രീതിയിൽ എത്രനാൾ? മഴ തോർന്നിട്ട് എപ്പോൾ?സുനിൽ കൂടെയുണ്ടെങ്കിൽ ഈ ലോകത്ത് മറ്റാരും വേണ്ടെന്നും എത്രകാലം വേണമെങ്കിലും ജീവിക്കാമെന്നുമായിരുന്നല്ലോ അവൾ വിചാരിച്ചിരുന്നത്.
മൂന്നുദിവസത്തേക്ക് കരുതിക്കൊണ്ടുവന്നിരുന്ന ബ്രഡും പഴവും അത്താഴവിരുന്നോടെ വിടചൊല്ലിയപ്പോൾ അനിലയ്ക്ക് അടക്കാനാവാത്ത സന്തോഷം! നാളെയെങ്കിലും മറ്റെന്തെങ്കിലും കഴിക്കണം. ഉള്ളീം മുളകും ഇഞ്ചീം വഴറ്റി കുടംപുളിയിട്ട് അമ്മയുണ്ടാക്കുന്ന മീൻകറി കൂട്ടി ചോറുണ്ണുമ്പോൾ റേഷനരിയുടേതാണ് ചോറെന്നു വിചാരിക്കാൻ നാവ് സമ്മതിക്കില്ലായിരുന്നു. ഹൊ...എന്തായിരുന്നു ആ രുചി! അങ്ങനെയൊരു സ്വാദുള്ള ഊണ്... പക്ഷേ കഴുത്തിൽ കിടന്ന മാല ഊരി വിറ്റുകിട്ടിയ കാശുകൊണ്ട് മുറിവാടകയും യാത്രാക്കൂലിയും മറ്റു ചെലവുകളും കഴിഞ്ഞു. ഇനി അധികമൊന്നും മിച്ചം കാണുകയില്ല. അല്ലെങ്കിലും അങ്ങനെയാണല്ലോ. വേണ്ടതൊന്നും വേണ്ടപ്പോൾ തോന്നുകയില്ല.
നാലാം നാൾ അവരിറങ്ങി നാടുകാണാൻ. മൂന്നുനാലു ദിവസമായി ഘോരഘോരം പെയ്തുകൊണ്ടിരുന്ന മഴ അല്പനേരം ഒന്നും ശമിച്ചതുപോലെ തോന്നിയതുകൊണ്ടാണ് പുറത്തേക്കിറങ്ങിയത്. കാർമേഘപ്പുതപ്പിനിടയിലും വനഭംഗി എത്രനേരം ആസ്വദിച്ചാലും മതിവരാത്തതാണെന്ന് പരസ്പരം കൈകോർത്തു നീങ്ങുമ്പോൾ അവർ മനസിലാക്കുകയായിരുന്നു. നടന്നുനടന്ന് ലോഡ്ജ് അകലെ ഒരു പൊട്ടുപോലെ കാണുവോളമായി. അടുത്തെങ്ങും വീടുകളില്ല.
പെട്ടെന്നാണ് മാനമിരുണ്ടതും ഭൂമി കറുത്തതും. ഒന്നും ആരും വിചാരിക്കുന്നതുപോലെയല്ലല്ലോ. കർക്കിടകകാറ്റും കരിമേഘവർഷവും ഒന്നിച്ചായി. ആകാശവിതാനത്തിന്റെ അടുക്കുകളിൽ മഴമുകിൽക്കാടുകളെ കീഴ്മേൽ മറിച്ച് കറുത്ത കൊടുങ്കാറ്റ് ആഞ്ഞടിച്ചു. മാനമടർന്നു വീഴുന്നതുപോലെ ജലപാളികൾ ഭൂമിയിൽ പതിച്ചു. തിരിഞ്ഞുനടക്കാനാവുന്നില്ല. വഴിയും വ്യക്തമാവുന്നില്ല. മഴവെള്ളം ഉയർന്നുയർന്ന് ഫണം വിടർത്തി ആടാൻ തുടങ്ങി. എങ്ങനെയാണ് തിരിച്ച് താമസസ്ഥലത്തെത്തുക? മണിക്കൂറുകളോളം അഭയം തേടിനിന്ന വൃക്ഷച്ചുവടുകൾ മണ്ണിളകി നിലം പതിക്കുന്നതറിഞ്ഞു നടുങ്ങി. കടന്നുവന്ന പാലം കാണാനേയില്ല. ഇടിമുഴക്കങ്ങളിൽ ഇരുമലകൾ നടുങ്ങിഅടർന്ന് പല ഭാഗങ്ങളായി താഴ്വരയിലെ വൃക്ഷങ്ങളുടെ മുകളിലേക്കമർന്നു. വൃക്ഷങ്ങൾ ഇടംവലം നോക്കാതെ കടപുഴകി നിലവിളിച്ചു നിലം പതിച്ചു. അടർന്നുമാറിവന്ന വലയും മലയും കൊണ്ടുവന്ന മരങ്ങളും ഇടയിലൊഴുകിയ പുഴയും എല്ലാംകൂടി താഴേക്ക്...താഴേക്ക്...താഴേക്ക്. എന്താണ് നടക്കുന്നതെന്നറിയാതെ ഓടിപ്പോകാനോ അലറിവിളിക്കാനോ പോലുമാകാതെ നിന്ന രണ്ടാത്മാക്കളെ ഒഴുകിവന്ന ഒരു വലിയ മരക്കമ്പു തട്ടിത്തെറിപ്പിച്ചു. കരിംപാറ അടരുകളും കല്ലുംമണ്ണും ചെളിയും അവർക്കുമേൽ പുളച്ചൊഴുകി. കാട്ടുതീയിൽ പെട്ട ശലഭം പോലെ എരിഞ്ഞടങ്ങിയ അതിമോഹം!
പിൽക്കാലത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെയും കാണാതായവരുടെയും കണക്കെടുപ്പ് നടത്തിയപ്പോൾ ലോഡ്ജിലെ ഹാജർ പുസ്തകത്തിൽ ഒരു അലീനയും ജേക്കബും ഉണ്ടായിരുന്നു. എന്നാൽ അവർ അവിടെ രേഖപ്പെടുത്തിയിരുന്ന മേൽവിലാസത്തിൽ ബന്ധപ്പെട്ട് വേണ്ടപ്പെട്ടവരെ കണ്ടെത്താനുമായില്ല. വ്യാജമേൽവിലാസമായിരുന്നെന്ന് പിന്നീട് മനസിലായി. സ്ഥലപ്പേര് പോലും എവിടെയുമില്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ ശവശരീരങ്ങൾ കണ്ടെത്താനോ കണ്ടെടുത്തവയിൽ നിന്ന് തിരിച്ചറിയാനോ ആർക്കും കഴിഞ്ഞതുമില്ല.
****************
കാലം കണക്കുകളെണ്ണി സഞ്ചാരവഴികളിൽ ചുവടുകളുറപ്പിച്ച് മുന്നോട്ടുതന്നെനീങ്ങി.വർഷങ്ങളും ദശാബ്ദങ്ങളും പുറകോട്ടു സഞ്ചരിച്ചു.
''ചേട്ടാ,ചേട്ടനോടൊരു കാര്യം ചോദിക്കണമെന്നു ഞാനൊരുപാടു നാളായി വിചാരിക്കുന്നു. ചോദിക്കുന്നതു ചേട്ടനിഷ്ടപ്പെട്ടില്ലെങ്കിലോ അതുമല്ലെങ്കിൽ എന്റെ ചോദ്യം ചേട്ടനെ വിഷമിപ്പിച്ചാലോ എന്നുശങ്കിച്ചാണ് ഞാനിതുവരെ മിണ്ടാതിരുന്നത്.""
വീൽചെയറിന്റെ ബാക്റൈസിൽ കൈകൾ അമർത്തിപ്പിടിച്ച് സാവകാശം പടവുകൾക്കു താഴേക്കിറക്കിയതിനുശേഷമാണ് അപ്പു അങ്ങനെയൊരു സംശയം അവതരിപ്പിച്ചത്. നെഞ്ചെരിക്കുന്ന ഒരു സത്യത്തിലേക്കാവും അവൻ വിരൽചൂണ്ടുന്നതെന്ന് വീൽചെയറിന്റെ ചെറിയ ചാഞ്ചാട്ടത്തിലമർന്ന് അയാൾ ആകുലതയോടെ വിചാരിച്ചു. അവന്റെ മുൻപിൽ അനുഭവസാക്ഷ്യം കുറിക്കുന്നൊരു വിലാപകാവ്യം ഉച്ചരിക്കേണ്ടിവരും.
''നീ ചോദിക്കെടാ അപ്പൂ.""
''ചേട്ടൻ പട്ടാളത്തിലാരുന്നെന്നും യുദ്ധത്തിലാണ് രണ്ടുകാലും നഷ്ടപ്പെട്ടതെന്നുമൊക്കെ ഇവിടെ എല്ലാവർക്കുമറിയാം. എനിക്ക് യുദ്ധക്കഥകളൊക്കെ കേൾക്കാൻ വലിയ ഇഷ്ടമാ ചേട്ടാ. യുദ്ധം മാത്രമല്ല എല്ലാ കഥകളും ഇഷ്ടമാ. ഇവിടെ കിട്ടുന്ന എല്ലാ വാരികകളിലെയും കഥകളും കവിതകളും ഞാൻ വായിക്കാറുണ്ട്. ചേട്ടനെന്നോടു ക്ഷമിക്കണം. ഇന്നലെ ചേട്ടൻ ചെടികൾക്കു വളമിടീക്കാൻ പോയില്ലേ. അപ്പോൾ വീൽചെയറിലിരുത്തീട്ടു ഞാനിവിടെ വന്ന മുറിയടിച്ചു വാരുന്നതിനിടയിൽ ചേട്ടന്റെ തലയണക്കീഴിലിരുന്ന രണ്ടുമൂന്ന് കടലാസ് കഷണങ്ങളെടുത്തു വായിച്ചു. ചേട്ടനെഴുതിയതാണോ ആ കഥ? ഞാൻ കരഞ്ഞുപോയി ചേട്ടാ. ചേട്ടനെങ്ങനെയാണ് ഇത്ര നല്ലൊരു ഭാവനയുണ്ടായത്? നമ്മുടെ ഈ പ്രളയക്കാലമാണോ ഇതിന്റെ പ്രചോദനം? ചേട്ടന് ഇങ്ങനെയൊരു കഴിവുണ്ടെന്ന് ഞാനിപ്പോളാ അറിയുന്നത്...പാദങ്ങളില്ലെങ്കിലും ഈ കാലുകളിൽ ഞാനൊന്നു തൊട്ടുനമസ്കരിച്ചോട്ടെ?""
''പുറത്തു മഴ ചാറാൻ തുടങ്ങുന്നു. നിനക്ക് ബുദ്ധിമുട്ടായി അല്ലേ അപ്പു. എന്നാലും എന്നെ തിരികെ എടുത്തുകൊണ്ടുചെന്നാക്കണം. ഞാനെന്റെ കഥ നിന്നോട് പറയാം. നിന്നോട് മാത്രം. ഒരൊറ്റ നിബന്ധനയിൽ. ഞാൻ മരിക്കുന്നതുവരെ ഈ കഥ നീ മറ്റാരോടും പറയരുത്. ഇനിയും ഒരുപാട് നുണകൾക്ക് ഊടും പാവും നെയ്യാൻ ഈ ദുർബല വിരലുകൾക്ക് കരുത്തില്ല. നീ ഉറപ്പുതന്നാൽ ഞാൻ കഥ തുടങ്ങാം.""
''ഉറപ്പ് ചേട്ടാ. ഉറപ്പ്. അതൊരു ജീവൽ രഹസ്യമായി എന്നിലുണ്ടാവും.""
അയാൾ ജനലിലൂടെ പുറത്തേക്ക് നോക്കി. കണ്ണുകളിൽ ഭീതി,ദുഃഖം. പിന്നെ അല്പനേരത്തെ മൗനം. അയാളോർത്തു. എല്ലാവരെയും പോലെ മഴ തനിക്കൊരു കവിതയല്ല, കഥയാണ്. ദുരന്തകഥ. മഹാപ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ടു. എല്ലാം നഷ്ടപ്പെട്ടവന്റെ ദുരന്തകഥ!
ഒരു നട്ടുച്ചക്ക് ഒന്നും കൈയിലില്ലാതെ ഒരുപാട് പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടും ഹൃദയത്തിൽ പേറി ഉറ്റവരെയും ഉടയവരെയും വിട്ട് സ്വാതന്ത്ര്യത്തിന്റെയും സമ്മോദത്തിന്റെയും ഉന്മാദലഹരി തേടി ആരും എത്തിപ്പെടാത്തൊരിടം നോക്കി അഭയംതേടിയ യുവത്വത്തിന്റെ പ്രതീകങ്ങൾ. ഒന്നിച്ചുള്ളൊരു ജീവിതം വെറും മൂന്നുദിവസത്തേക്ക് മാത്രം. നാലാം നാൾ ശമിക്കാത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും കൂടി ഇടിച്ചുതകർത്ത മലകൾ പാറക്കൂട്ടങ്ങളായി പ്രളയക്കലിയിളകി അവരെ വേർപ്പെടുത്തി അകലങ്ങളിലേക്ക് കൊണ്ടുപോയി. പിന്നീടൊരിക്കലും തമ്മിൽ കാണാത്തിടങ്ങളിലേക്ക്.
ദിവസങ്ങൾക്കുശേഷം നേരിയ ശ്വാസം മാത്രമായവശേഷിച്ച യുവാവിനെ രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചു. മാസങ്ങളോളം നീണ്ടുനിന്നരോഗപീഡയും ആശുപത്രിവാസവും മാനസിക സമ്മർദ്ദവും. അവസാനം ഏതാണ്ട് സുബോധത്തിലേക്കെത്തിയപ്പോളാണറിയുന്നത് രണ്ടുകാലുകളും നഷ്ടപ്പെട്ടിരിക്കുന്നു. മാംസം വാർന്നും ഒടിഞ്ഞും പൊട്ടിയും തകർന്ന അസ്ഥികൾ മാത്രമവശേഷിച്ച പഴുപ്പുകയറിയ കാലുകൾ മുറിച്ചുമാറ്റുകയല്ലാതെ മാർഗമില്ലായിരുന്നുവത്രേ. എന്തിനേറെ, സ്വന്തക്കാരെന്നവകാശപ്പെടാൻ ആരുമില്ലാതിരുന്ന അനാഥനെ സ്വീകരിക്കുവാനും സാന്ത്വനിപ്പിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു ദേവദൂതനെത്തി. അതാണ് ഈ അഭയകേന്ദ്രത്തിന്റെ ഡയറക്ടർ മിഖായേൽ സാർ. അദ്ദേഹം മിഖായേലല്ല. മാലാഖയാണ്, മാലാഖ. ഏതുമുറിവിനെയും തലോടി ഉണക്കാൻ കഴിവുള്ള കരങ്ങളാണദ്ദേഹത്തിനുള്ളത്.
പെട്ടെന്നയാൾ നിശബ്ദനായി. പക്ഷേ ഓർമകളുടെ മുറിവുകളിൽ മരുന്നുപുരട്ടാൻ ആർക്കാണ് കഴിയുക? അയാൾ തന്റെ ഉണങ്ങിവരണ്ട കൈകൾ കൊണ്ട് അപ്പുവിന്റെ തോളിൽപ്പിടിച്ച് അവനെ തന്നിലേക്കടുപ്പിച്ചു.
''നീ കണ്ടോ. എന്റെ കൈകളിലും ശരീരത്തിലാകെയും മാംസം വേർപെട്ടുപോയതിന്റെയും തുന്നിക്കെട്ടലുകളുടെയും വടുക്കളാണ്. ഈ ദുർവിധി അനുഭവിക്കാൻ തക്ക തെറ്റ് ആ ചെറുപ്രായത്തിൽ ഞാൻ ചെയ്തിരുന്നോ എന്ന് ദൈവത്തോട് ചോദിക്കണം എന്ന് ഞാനോർക്കാറുണ്ട്.""
ഉയരങ്ങളിലേക്കുയർന്ന മിഴികളെ ശ്രമപ്പെട്ട് താഴേയ്ക്കുവരുത്തി അയാൾ തുടർന്നു. ഒരുപക്ഷേ ഞാൻ ചെയ്യേണ്ടതായി അല്ലെങ്കിൽ അനുഭവിക്കേണ്ടതായി എന്തോ കൂടി ബാക്കിവച്ചിട്ടുണ്ടാകാം ദൈവം!
അയാളുടെ തൊണ്ട തേങ്ങലുകൾ കൊണ്ട് അടഞ്ഞുപോയി. ഓർമ്മക്കൂടുകൾ നിറയെ ഇരുണ്ട നിഴലുകൾ കാഴ്ചമറച്ച അവ്യക്ത ചിത്രങ്ങളാണ്.
''അപ്പു... ഞാൻ പട്ടാളത്തിലൊന്നുമായിരുന്നില്ല. നീ വായിച്ച കഥ എന്റെ ജീവിതമാണ്. ഞാനാണ് സുനിൽ. അന്നുണ്ടായിരുന്ന എന്റേതെന്നു ഞാൻ കരുതിയിരുന്ന ആരെയും കാണണമെന്ന് ഇന്നെനിക്ക് ആഗ്രഹമില്ല.""
''അപ്പോൾ കൂടെയുണ്ടായിരുന്ന ചേച്ചിയോ?""
''പിന്നീടൊന്നും അറിഞ്ഞിട്ടില്ല. മൃതിയടഞ്ഞവർ ജീവിച്ചിരിക്കുന്നവരേക്കാൾ ഭാഗ്യവാന്മാർ.""
അയാളുടെ കൺകോണിൽ ഒരിറ്റുകണ്ണുനീർ ഉരുണ്ടുകൂടി നിന്നു.