ss

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലുകൾ അടച്ചപ്പോൾ പട്ടിണിയിലായ മാനസികാസ്വാസ്ഥ്യമുള്ള മദ്ധ്യവയസ്‌കന് തുണയായി പേരൂർക്കട പൊലീസ്. വർഷങ്ങൾക്കുമുമ്പ് തമിഴ്നാട് നെയ്‌വേലിയിൽ നിന്നു നാടുവിട്ട് തിരുവനന്തപുരത്തെത്തിയ ബാലുമണിക്കാണ് (51) പൊലീസ് രക്ഷകരായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വഴിയോരങ്ങളിൽ അലഞ്ഞു നടക്കുന്ന ബാലുമണി ഹോട്ടലുകൾ പൂട്ടിയതോടെ ആഹാരം ലഭിക്കാതെ അക്രമാസക്തനാവുകയായിരുന്നു. ഇതോടെ പേരൂർക്കട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും യാത്രക്കാരും വിവരം പൊലീസിൽ അറിയിച്ചു. പേരൂർക്കട സി.ഐ വി. സൈജുനാഥിന്റെ നേതൃത്വത്തിൽ സ്ഥലെത്തിയ പൊലീസ് സംഘം കൊറോണ കൺട്രോൾ റൂമിൽ അറിയിച്ച് ആംബുലൻസെത്തിച്ചു. ഇത് കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാലുമണിയെ പൊലീസുകാരായ അനുരാഗ്, അനീഷ്, അനു, അനിൽ എന്നിവരും മനുഷ്യാവകാശ പ്രവർത്തകൻ വിനു, ബിജു എന്നിവരും ചേർന്ന് പിടികൂടി ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.