ലോകസഞ്ചാരമൊക്കെ കഴിഞ്ഞ് മൂന്നു മാസം മുമ്പ് നാട്ടിൽ തിരിച്ചെത്തിയതാണ് ബോബി ചെമ്മണ്ണൂർ. ഓർക്കാപ്പുറത്ത് കൊവിഡ് 19 സീസൺ വന്നുകയറിയതോടെ ഒരു മാസത്തേക്കുള്ള അരിയും പച്ചക്കറികളും,​ വച്ചു വിളമ്പാൻ ജോലിക്കാരൻ പയ്യനുമായി തൃശൂർ ശോഭാ സിറ്റിയിലെ വില്ലയിലേക്ക് ഒരു മുങ്ങൽ. ലോകമാകെ പടർന്ന സ്വർണ വ്യാപാര ശൃംഖലയുടെയും ബിസിനസ് സംരംഭങ്ങളുടെയും മേൽനോട്ടം ഓൺലൈനിലേക്കു മാറ്റി,​ ഇവിടെ ബ്രേക്കെടുക്കുന്ന ബോബി ചെമ്മണ്ണൂരിന് ഇപ്പോൾ ഒരു കാര്യം പത്തരമാറ്റ് തിളക്കത്തോടെ പിടികിട്ടി: പുറത്തിറങ്ങാതിരിക്കാനും പറ്റും!

ലോക്ക് ഡൗണിലും ദിനചര്യകൾക്ക് മാറ്റമില്ല. രാവിലെ എട്ടിന് ഉണർന്നാലുടൻ ബോബീസ് സ്‌പെഷ്യൽ എനർജി ഡ്രിങ്ക്. ഇഞ്ചിയും മുളകും തുളസിനീരും ചെറുനാരങ്ങയുമൊക്കെ ചേർത്ത് നല്ല കടുപ്പത്തിൽ. പിന്നെ പത്രംവായന,​ പത്തു മണി കഴിയുമ്പോൾ ട്രാക്കിലേക്കിറങ്ങും. മൂന്നു നാലു കിലോമീറ്റർ ഓട്ടം. വർ‌‌ക്ക് ഔട്ട്,​ വായന,​ ധ്യാനം,​ ഉറക്കം. കൊവിഡ് 19 ൽ ബിസിനസ് കുടുങ്ങിയതിനെക്കുറിച്ച് കടുത്ത ആശങ്കയൊന്നുമില്ല. സംഭവം സ്വർണം ആയതുകൊണ്ട് ചീത്തയായിപ്പോകില്ലല്ലോ!

എനർജി ഡ്രിങ്ക് പോലെ ധ്യാനരീതിയും ബോബി ചെമ്മണ്ണൂരിന്റെ സ്വന്തം പ്രിപ്പറേഷൻ ആണ്. മുറിക്കകത്ത് ചമ്രംപടിഞ്ഞ് ഇരിക്കണമെന്നൊന്നുമില്ല. വില്ലയുടെ മുറ്റത്ത് വലിയ ചാമ്പമരം. അടുത്ത് തടാകമുണ്ട്. അവിടെ നിന്ന് വീശുന്ന കാറ്റിന്റെ നേർത്ത തണുപ്പിൽ,​ ചാമ്പമരത്തണലിലെ ഈസി ചെയറിൽ കണ്ണടച്ചു കിടക്കും. പഴയ കാലം ഓർത്തെടുക്കും. പണ്ടത്തെ ഓർമ്മകൾ പോലും തിരിച്ചെടുക്കാൻ മനസ്സിനെ പഠിപ്പിച്ചപ്പോൾ ആദ്യം നഴ്സറി കാലത്തെ കൂട്ടുകാരികളുടെ പേര് തെളിഞ്ഞുവന്നു. മേരിട്ടീച്ചറെ ഓർമ്മ വന്നു. അന്നത്തെ സ്‌കൂൾ ബാഗ്,​ വാട്ടർ ബോട്ടിൽ,​ കുസൃതികൾ,​ കോളേജ് കാലം....

മറ്റെല്ലാം മാഞ്ഞുപോയി,​ ഓർമ്മകൾക്ക് തെളിച്ചംവയ്‌ക്കുമ്പോൾ ശരീരത്തിന് ഭാരം കുറയും. ഈസി ചെയറിൽ നിന്ന് ശരീരം പറന്നുയർന്ന് മേഘമായി പറക്കും. മനസ്സിനെ ഒന്നിലേക്കു മാത്രമായി കേന്ദ്രീകരിക്കാൻ സഹായിക്കുന്നത് ഈ ധ്യാനരീതിയാണെന്ന് ബോബി പറയുന്നു. ബിസിനസ് തിരക്കുകൾക്കിടെ മനസ്സ് ഏകാഗ്രമാക്കാൻ ധ്യാനം ഒരുപാട് സഹായിച്ചു. ധ്യാനത്തിന് പ്രത്യേക സമയമില്ല. മൂഡ് പോലെ. ഒറ്റദിവസവും മുടങ്ങില്ലെന്നു മാത്രം. മൊബൈൽ ഫോൺ സൈലന്റിൽ വിശ്രമിക്കുന്നതുകൊണ്ട് റിംഗ്ടോണിൽ ഓർമ്മകൾ മുറിഞ്ഞുപോകില്ല. പിന്നെ എപ്പോഴെങ്കിലും മിസ്ഡ് കാളുകൾ നോക്കി അത്യാവശ്യമുള്ളതെന്നു തോന്നിയാൽ അങ്ങോട്ടു വിളിക്കും.

ശോഭ സിറ്റിയിലെ വില്ലയിൽ ലോക്ക് ഡൗൺ ദിനങ്ങൾ തുടങ്ങിയ സമയത്ത്,​ ബോബി ചെമ്മണ്ണൂർ ഒരു രാത്രിസ്വപ്‌നം കണ്ടു. ആകാശത്തിന്റെ ഇരുട്ടിൽ നിന്ന് ഒരു പറക്കുംതളിക താണിറങ്ങി വരുന്നു. തൃശൂരിലാണോ അമേരിക്കയിലാണോ എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല. മനുഷ്യനുമായി വിദൂര സാദൃശ്യമുള്ള നാലഞ്ചു ജീവികൾ പുറത്തിറങ്ങുന്നു. പക്ഷേ,​ അവർക്ക് കാലാവസ്ഥ പിടിക്കുന്നില്ലെന്ന് മുഖഭാവത്തിൽ മനസ്സിലായി. വെപ്രാളപ്പെട്ട് തളികയിലേക്കു തിരികെക്കയറി വിചിത്രജീവികൾ പറന്നുപോയി! അന്യഗ്രഹ ജീവികൾ വന്നതിനു ശേഷമാണോ കൊറോണ വൈറസ് ഭൂമിയിൽ പടർന്നത്?​ അറിയില്ല. ഇങ്ങനെയൊക്കെയാണ് ബോബിയുടെ സ്വപ്‌നസഞ്ചാരങ്ങൾ.

ഇടയ്‌ക്ക് മറഡോണ വിളിക്കും. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പാർട്ണറും ബ്രാൻഡ് അംബാസഡറുമാണ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ നാടായ അർജന്റീനയും കൊവിഡ് 19 വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിലാണ്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ആദ്യ ഓവർസീസ് ഔട്ട്ലെറ്റ് ദുബായിലെ കരാമ സെന്ററിൽ ഉദ്ഘാടനം ചെയ്തത് മറഡോണ ആയിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ മറഡോണ സംസാരിച്ചതു മുഴുവൻ കൊവിഡ് 19-നെ കുറിച്ച്. അവിടെ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ ഏപ്രിൽ പകുതി വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. അർജന്റീനയിൽ കൊവിഡ് 19 കാരണം ഇതുവരെ മരിച്ചത് ഇരുപതു പേരാണ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ വാർത്തകൾ കാണുമ്പോൾ മനസ്സിൽ പല ആശയങ്ങളും മുളപൊട്ടും. ലോകം കുറേക്കൂടി പച്ചപ്പുള്ളതും വൃത്തിയുള്ളതുമായി സൂക്ഷിക്കാൻ വഴിയേത്?​ ഒരുപാട് മരങ്ങൾ വച്ചുപിടിപ്പിക്കണം. ഒരു മരം വെട്ടണമെങ്കിൽ പകരം പത്തെണ്ണം വച്ചുപിടിപ്പിക്കണമെന്ന് നിയമം ഉണ്ടാകണം. സ്‌കൂൾ,​ കോളേജ് ക്ളാസുകളിൽ വിജയം നിശ്ചയിക്കുന്നത് മാർക്ക് മാത്രം നോക്കിയായാൽപ്പോരാ,​ ആ അദ്ധ്യയന വർഷം വീട്ടിലും സ്‌കൂൾ വളപ്പിലും വിദ്യാർത്ഥി എത്ര മരം വച്ചുപിടിപ്പിച്ചെന്നു കൂടി പരിശോധിക്കണം. ഇതൊക്കെ എന്റെ തോന്നലുകളാണ്. എന്തു നടപ്പാക്കണമെങ്കിലും സർക്കാരിന് നേതൃത്വം നൽകുന്നവർക്ക് താത്‌പര്യമുണ്ടാകണം,​ ഇച്ഛാശക്തിയുണ്ടാകണം.

പ്രകൃതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് തൃശിലെ മണ്ണുത്തിയിൽ ഓക്‌സിജൻ സിറ്റി ടൗൺഷിപ്പ് വിഭാവനം ചെയ്‌തത്. നിറയെ മരങ്ങളും പച്ചപ്പുമായി ഒരു ഹരിതലോകം. ബിസിനസിന്റെ ഭാഗായി ബോബി സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. കണ്ടതിൽ ഏറ്റവും വൃത്തിയുള്ള രാജ്യം കാനഡ. വായുവിൽ മാലിന്യം തീരെയില്ല. തെരുവുകളിലൂടെ നടക്കുമ്പോഴും,​ ഹോട്ടൽ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോഴുമൊക്കെ ശ്വാസവായുവിൽ നമുക്ക് ആ ശുദ്ധി തിരിച്ചറിയാം.

നമ്മുടെ നാട്ടിൽ റോഡരികുകളിൽ പഴയ ടയറുകൾ വലിച്ചെറിഞ്ഞിരിക്കുന്നതു കാണുമ്പോൾ കാനഡയിലെ കാഴ്‌ച ഓർമ്മവരും. ടയർ വലിച്ചെറിഞ്ഞാൽ ശിക്ഷയാണ്. കത്തിച്ചാൽ അതിലും വലിയ പിഴ. പഴയ ടയറുകൾ ഉപേക്ഷിക്കാൻ അവിടെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വലിയ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമങ്ങൾ അനുസരിച്ചേ പറ്റൂ. നമ്മുടെ രാജ്യം ഇത്തരത്തിലാകാൻ എത്ര കാലമെടുക്കുമെന്ന് ചിന്തിച്ചുപോകും. കൊവിഡ് 19 ന്റെ ലോക്ക് ഡൗൺ കാലം പിൻവലിച്ച്, വിമാനത്താവളങ്ങൾ തുറന്നാലും കുറച്ചു കാലത്തേക്ക് ബോബി ചെമ്മണ്ണൂർ എങ്ങോട്ടുമില്ല. കാര്യങ്ങൾ നന്നായി പഠിച്ചിട്ടേ ഇനി കേരളം വിട്ട് എങ്ങോട്ടെങ്കിലുമുള്ളൂ.

ഇതൊക്കെ ഓർത്താണ് ഉറങ്ങാൻ കിടക്കുന്നത്. പതിനൊന്നിന് കിടക്കും. എട്ടു മണിക്കൂർ ഉറക്കം നിർബന്ധം. കിടക്കുന്നതിനു മുമ്പ് ചിലപ്പോൾ അല്‌പം മദ്യം. ചിലപ്പോൾ ഒരു ബിയർ. എന്നും വേണമെന്ന് നിർബന്ധമില്ല. വില്ലയിൽ അതു സ്റ്റോക്കുള്ളതുകൊണ്ട് ലോക്ക് ‌ഡൗൺ ഒന്നും വിഷയമല്ല. മീനും ഇറച്ചിയും എന്നുമില്ല. എഴുപതു ശതമാനം പച്ചക്കറി വിഭവങ്ങൾ. ഭക്ഷണരീതിയും വ്യായാമവും ധ്യാനവും കൃത്യസമയത്തെ ഉറക്കവും കാരണം ബോഡി കംപ്ളീറ്റ്ലി ഫിറ്റ് ആണെന്ന് ബോബി ചെമ്മണ്ണൂരിന്റെ സെൽഫ് സർട്ടിഫിക്കേഷൻ. മലയാളികൾക്കുള്ള മാർഗനിർദ്ദേശവും അതു തന്നെ. നല്ല ഭക്ഷണം,​ നല്ല വ്യായാമം,​ നല്ല ഉറക്കം... പിന്നെ,​ ടെൻഷൻ ഇല്ലാത്ത മനസ്സും.