ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതിനിടെ സമ്മേളനത്തിൽ പങ്കെടുത്ത 300ാളം വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. വിദേശികളില്‍ പലരും വിനോദസഞ്ചാര വിസയില്‍ വന്നവരാണ്. ഇവർ വിസ ചട്ടം ലംഘിച്ചെത്തിയതിനാൽ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മലേഷ്യ, തായ്‌ലാന്റ് അടക്കം 16 വിദേശ രാജ്യങ്ങളിൽ നിന്നായാണ് ഇവർ എത്തിയത്. ഇതോടെ രാജ്യത്ത് കൊറോണ വ്യാപിച്ചതിൽ മുഖ്യ ഉറവിടം നിസാമുദ്ദീനിലെ മതസമ്മേളനമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിൽ വിദേശികളടക്കം 8000ത്തോളം ആളുകൾ പങ്കെടുത്തിരുന്നു. ഇവരിൽ പലർക്കും കൊറോണ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 30തോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെയാണ് ഇവർക്കിടയിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
ഇവർ വിസ ചട്ടലംഘനം നടത്തിയാണ് പരിപാടിക്കെത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ തന്നെ വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ടൂറിസ്റ്റ് വിസയിൽ മതപരമായി ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. ഒരു വിദേശിയെ ആഭ്യന്തരമന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ പിന്നീട് അയാൾക്ക് ഇന്ത്യയിലേക്ക് സന്ദർശനം അനുവദിക്കില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 281 വിദേശികളെയാണ് സമ്മേളനത്തിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയത്.
നേപ്പാൾ-19, മലേഷ്യ-20, അഫ്ഗാനിസ്ഥാൻ-1 മ്യാൻമർ-33, അൾജീരിയ-1, ജിബൂട്ടി-1, കിർഗിസ്ഥാൻ-28, ഇന്തോനേഷ്യ-72,തായ്ലാന്റ് -7, ശ്രീലങ്ക-34, ബംഗ്ലാദേശ്-19, ഇംഗ്ലണ്ട്-3,സിംഗപ്പൂർ-1, ഫിജി-4,ഫ്രാൻസ്-1,കുവെെറ്റ്-1 എന്നിങ്ങനെയാണ് വിദേശത്തു നിന്നും സമ്മേളനത്തിൽ പങ്കെടുത്തവരുടെ കണക്കുകൾ.
ഈമാസം ആദ്യം തബ് ലീഗ് മസ്ജിദില്‍ നടന്ന മതസമ്മേളനങ്ങളിൽ പങ്കെടുത്ത പത്തുപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധിച്ച് മരിച്ചു. നിരവധി പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 9-10നും 13–14നും 17, 18,-19നും മൂന്ന് തവണയാണ് കൂടിച്ചേരലുണ്ടായത്. നാലായിരത്തോളം പേര്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇവരെ കണ്ടെത്താനുള്ള ഊർജിതശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ.