lpg

ന്യൂഡൽഹി: കൊറോണ വ്യാപനം കുറയ്ക്കാനായിട്ടാണ് കേന്ദ്രസർക്കാർ രാജ്യത്ത് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യത്തിന് സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്ന് അധികൃതർ ആവർത്തിച്ചു പറയുമ്പോഴും പരിഭ്രാന്തരായ ജനങ്ങൾ അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി സൂക്ഷിച്ചു.അത്തരത്തിൽ പരിഭ്രാന്തി കൊണ്ട് ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്ത ഉപയോക്താക്കളുമുണ്ടെന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ(ഒ.എം.സി) വെളിപ്പെടുത്തൽ.


'ആഭ്യന്തര എൽ.പി.ജി ഗ്യാസ് സിലിണ്ടർ സ്റ്റോക്കുകൾ തീർന്നുപോകുമോ എന്ന ആശങ്കകൊണ്ടാണ് അവർ ബുക്ക് ചെയ്യുന്നത്. ബുക്ക് ചെയ്യുന്ന മിക്ക ഉപഭോക്താക്കളുടെ കൈവശവും ശൂന്യമായ സിലിണ്ടർ ഇല്ലാത്തതിനാൽ ഞങ്ങളുടെ ഡെലിവറി ബോയ്സ് എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യാതെ മടങ്ങുകയാണ്'-സെയിൽസ് ഡിവിഷൻ കൈകാര്യം ചെയ്യുന്ന ഒ.എം.സിയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

'മൊത്തം എൽ.പി.ജി റീഫിൽ ബുക്കിംഗിന്റെ 15-20 ശതമാനം ആളുകളും തങ്ങളുടെ സിലിണ്ടറുകൾ ശൂന്യമാകുന്നതിന് മുമ്പുതന്നെ ബുക്കിംഗ് നടത്തി. ഉപഭോക്താക്കളിൽ ശൂന്യമായ സിലിണ്ടറുകളൊന്നും ലഭ്യമല്ലാത്തതിനാൽ ഡെലിവറിക്ക് കൊണ്ടുപോയ നിരവധി സിലിണ്ടറുകൾ തിരികെ കൊണ്ടുവന്നു' ഒഎംസി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം, ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും അതിനാൽ ആളുകൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം എൽ.പി.ജി കിട്ടുമെന്നും, ഉപയോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ പറഞ്ഞു.