കൊവിഡ് കാലം എങ്ങനെയാണ് നമ്മള്‍ നേരിടുന്നതെന്ന് നിങ്ങൾക്കെല്ലാമറിയാം. ഒരാളിൽനിന്നും മറ്റൊരാളിലേക്ക്, ഒരു സമൂഹത്തിലാകെ പടർന്നു പിടിക്കുന്ന വൈറസിനോട് നമ്മൾ ഓരോരുത്തരും പോരാടുന്നത് സാമൂഹ്യ അകലം പാലിച്ചാണ് . ലോകത്താകമാനം ലോക്ഡൗൺ പ്രഖ്യപിച്ച ഈ സാഹചര്യത്തിൽ എല്ലാവരും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലിരിക്കുകയാണ്.
ഇത്തരത്തിലൊരു ഒരു മഹാമാരിയെ തുരത്താൻ സർക്കാരും ആരോഗ്യ രംഗവും പരിശ്രമിക്കുമ്പോൾ നമ്മൾ ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് ചുരുങ്ങി അവരോടൊപ്പം നിൽക്കുന്നു . എന്താണ് ഇത്രയും ദിവസവും ചെയ്യുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഏറ്റവും വലിയ ആശങ്കയാണ് . കൈയ്യിലുള്ള സിനിമകളെല്ലാം കണ്ടു തീർന്നെങ്കിൽ ഈ അവസരത്തിൽ കണ്ടിരിക്കേണ്ട അഞ്ചു മെഡിക്കൽ സയൻസ് ഫിക്ഷൻ മൂവീസ് താഴെ കൊടുക്കുന്നു . നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം , ടെലിഗ്രാം ...അങ്ങനെ തുടങ്ങി സിനിമ കാണാൻ നിരവധി ഓൺലൈൻ പ്ലാറ്റുഫോമുകൾ ഇവിടെ ലഭ്യമാണ് . കൊറോണ കാലത്ത് നമ്മുടെ ഉള്ളിലുള്ള പേടിക്ക് ഇത്തരത്തിലുള്ള ചിത്രങ്ങൾ പരിഹാരമാവും ....
ഔട്ട്ബ്രേക്ക് (1995) അമേരിക്കൻ ആഫ്രിക്കന്‍ കുരങ്ങൻമാരിൽ നിന്ന് പകരുന്ന ഒരു മാരകവൈറസ് അമേരിക്കയിലെ ബോസ്റ്റണിൽ പടരുന്നതിനെത്തുടർന്നുള്ള സാമൂഹികസാഹചര്യങ്ങൾ ചിത്രീകരിക്കുകയാണ് ഡബ്ളു.പീറ്റേഴ്‌സൺ സംവിധാനംചെയ്ത ഔട്ട്ബ്രേക്ക്.മൊബാത്ത ഒരു സാങ്കല്‍പ്പിക വൈറസ് രോഗമാണ് സിനിമയിലെങ്കിലും ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ എബോളയാണ് ഇതെന്നതിൽ തർക്കമില്ല. റിച്ചാർഡ് പ്രസ്റ്റണിന്റെ നോൺ ഫിക്ഷൻ ബുക്ക് ആയ ദി ഹോട്ട് സോൺ അടിസ്ഥാനമാക്കിയാണ് വൂള്‍ഫ്ഗാംഗ് പീറ്റേഴ്‌സൺ ഔട്ട്ബ്രേക്ക് സിനിമയൊരുക്കിയിരിക്കുന്നത്. മനുഷ്യർക്കിടയിൽ ഭീതി ആളിക്കത്തുമ്പോൾ എങ്ങനെയാണ് ഭരണകൂടവും മെഡിക്കൽ വിഭാഗവും ഇതിനെ കൈകാര്യം ചെയ്യുന്നതെന്ന് ചിത്രത്തിൽ വ്യക്തമായി പറയുന്നുണ്ട് . ഈ ഒരു സമയത്ത് കണ്ടിരിക്കേണ്ട ചിത്രമാണ് ഇത് .
ഫ്ലു (2013) / കൊറിയ വൈറസ് സിനിമകളിൽ ഏറ്റവും ഒറിജിനാലിറ്റിയിൽ മേക്ക് ചെയ്തിരിക്കുന്ന ചിത്രമാണ് ഫ്ലു .2013ൽ കിം സൂങ് സു സംവിധാനം ചെയ്ത കൊറിയൻ ഡിസാസ്റ്റർ ചിത്രമാണ് ഫ്ലു. കൊറിയൻ നഗരത്തിൽ വളരെ അനധികൃതം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം നടക്കുന്നു. സംഭവസ്ഥലത്ത് ഉള്ള ഒരാൾക്ക് അസുഖം ബാധിച്ചിരുന്നു. അത് ആ നഗരം ഒട്ടാകെ വ്യാപിക്കുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത് . അതിജീവനവും മറ്റു കാര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഒപ്പം രാഷ്ട്രീയ മുതലെടുപ്പുകളും സിനിമ നന്നായി വരച്ചു കാട്ടുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വൈകാരിക ബന്ധത്തെ സംവിധായകൻ ആഴത്തിൽ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഇതൊരു ഡിസാസ്റ്റർ മൂവി എന്നതിലുപരി സസ്പെൻസ് ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ് .
ട്രെയിന്‍ ടു ബുസാൻ (2016) / കൊറിയ ഒരു മികച്ച കൊറിയൻ ഹൊറർ ത്രില്ലർ എന്നോ സർവൈവൽ ത്രില്ലർ എന്നോ വിശേഷിപ്പിക്കാവുന്ന സിനിമ. നഗരത്തിൽ അസാധാരണമായി ഒരു അസുഖം പടർന്നുപിടിക്കുന്നു .ഇൻഫെക്ട് ആകുന്നവർ സോംബികൾ(മനുഷ്യനും മൃഗവുമല്ലാത്ത രൂപം) ആയി മാറുന്നു. ട്രെയിൻ യാത്രക്ക് ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ട്രെയിൻ വിടാൻ തുടങ്ങുന്ന സമയം അത്തരത്തിൽ മുറിവുകളുമായി ഒരു പെൺകുട്ടി ട്രെയിനിൽ കയറുകയും പിന്നീട് സോംബി ആയി മാറുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നു . ചിത്രം പ്രേക്ഷകനിൽ വല്ലാത്തൊരു ഭീതി ഉണ്ടാക്കുന്നുണ്ട് . കുറേയേറെ ട്രെയിൻ യാത്രക്കാരുടെ ജീവനു വേണ്ടിയുള്ള പോരാട്ടവും, നിസ്സാഹായതയും, നിറഞ്ഞ രംഗങ്ങൾ ആണ് സിനിമയിൽ ഉടനീളം.2016 ൽ ഇറങ്ങിയ ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. യോൻ സാങ് ഹോ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
കണ്ടേജിയൻ (2011 ) / ഇംഗ്ലീഷ് കൊവിഡ് 19 കാലത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് സ്റ്റീവൻ സോഡെർബെർഗ് സംവിധാനം ചെയ്ത കണ്ടേജിയൻ. ചൈനയിൽ നിന്നാണ് ചിത്രത്തിലും കൊറോണ വൈറസ് ആക്രമണം പൊട്ടിപ്പുറപ്പെടുന്നത്. ബിസിനസ് ആവശ്യത്തിന് വേണ്ടി ഹോങ്കോങിലെത്തുന്ന കേന്ദ്ര കഥാപാത്രമായ ബെത്ത് എന്ന യുവതിക്ക് അവിടെ നിന്നും വൈറസ് ബാധയേൽക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം.ഈ സിനിമ നിങ്ങളെ ഭയപ്പെടുത്തും, പക്ഷേ അതിൽ പറയുന്നതെല്ലാം ഭാവന മാത്രമാണെന്ന് ഓർമ്മിക്കുക.മാഡ് ഡാമൻ, മരിയോൺ, ലോറൻസ് ഫിഷ്‌ബേൺ, ജൂഡ് ലോ, കേറ്റ് വിൻസ്ലെറ്റ്, ഗിന്നത്ത് പൾട്രോ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
വൈറസ് (2019 ) / മലയാളം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസ് മെഡിക്കൽ സർവൈവൽ ഗണത്തിൽ പെടുത്താവുന്നതാണ് . മലയാളത്തിൽ ഇത്തരത്തിൽ ആദ്യത്തെ പരീക്ഷണ ചിത്രമെന്നും പറയാം . നിപയെ കേരളം എങ്ങനെയാണ് നേരിട്ടത് എന്നുള്ളത് വൈറസ് എന്ന സിനിമയിലൂടെ ലോകം നോക്കിക്കാണുകയാണ്. ആമസോൺ പ്രൈമിൽ സിനിമ കാണാനാകും.