ന്യൂഡൽഹി: കൊറോണ വ്യാപനം തടയാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ വിശദീകരണത്തിന് പിന്നാലെ റെയിൽവേയും വിമാനക്കമ്പനിയും ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചത്. ഏപ്രിൽ 14നാണ് ലോക്ക് ഡൗൺ അവസാനിക്കുന്നത്.
റെയിൽവേയെ കൂടാതെ സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് ബുക്കിംഗ് ആരംഭിച്ചത്. ലോക്ക് ഡൗൺ നീട്ടില്ലെന്ന വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യ ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നേരത്തെ അറിയിച്ചിരുന്നു. ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.