ഇറ്റലിക്കും സ്പെയിനും പുറമെ അമേരിക്കയും ഫ്രാൻസും മരണസംഖ്യയിൽ ചൈനയെ മറികടന്നു.
രോഗബാധിതരുടെ എണ്ണത്തിലും (1,88,592) അമേരിക്കയാണ് മുന്നിൽ.
ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 381 പേർ മരിച്ചു
സ്‌പെയിനിൽ 24 മണിക്കൂറിനുള്ളിൽ 849 പേർ മരിച്ചു
വാഷിംഗ്ടൺ ഡി.സി : ലോക രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുന്നു. ആഗോളതലത്തിൽ മരിച്ചവരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു.
9 ലക്ഷത്തോളം രോഗബാധിതർ ഇപ്പോഴും ചികിത്സയിലാണ്. അമേരിക്കയിൽ മരണസംഖ്യ 4056 ഉം ഫ്രാൻസിൽ 3523 ഉം ആണ്. ചൈനയിൽ 3312 പേരാണ് മരിച്ചത്. എന്നാൽ, ഇത് ശരിക്കുള്ള കണക്കല്ലെന്നും കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ 10 ലക്ഷം ആരോഗ്യപ്രവർത്തകരോട് സഹായം തേടി. 80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധ സേവനത്തിനുണ്ടായിട്ടും കാര്യങ്ങൾ എങ്ങുമെത്താത്ത അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളിലും ന്യൂയോർക്കിലേതിന് സമാനമായ സാഹചര്യമുണ്ടാകുമോ എന്ന ഭയവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ കാലിഫോർണിയയിൽ രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം രണ്ടിരട്ടിയുമായി.
സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഇറ്റലി ജർമ്മനിയുടെ സഹായം തേടി. ഇറ്റലിയിലെ വിവിധ പ്രവിശ്യകളിലെ മേയർമാരും ഗവർണർമാരുമാണ് സഹായം ആവശ്യപ്പെട്ടത്.
യു.കെയിൽ 13 കാരൻ മരിച്ചു
ബ്രിട്ടനിൽ 13 വയസുകാരൻ കൊവിഡ് 19 ബാധിച്ച് മരിച്ചു. സൗത്ത്‌വെസ്റ്റ് ലണ്ടനിലെ ബ്രിക്സ്റ്റൺ സ്വദേശിയായ ഇസ്മയിൽ മുഹമ്മദ് അബ്ദുൽ വഹാബാണ് മരിച്ചത്. നിലവിൽ യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ഇരയാണ് ഇസ്മയിൽ.
പുടിന് കൈകൊടുത്ത ഡോക്ടർക്ക് കൊവിഡ്
മോസ്കോ: മോസ്കോയിലെ കൊവിഡ് വൈറസ് ഹോസ്പിറ്റൽ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനെ സ്വീകരിച്ച് അനുഗമിച്ച ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മോസ്കോയിലെ കോമുനാർക്ക ആശുപത്രിയിലെ ഡോക്ടറായ ഡെനിസ് പ്രോട്സെങ്കോവിനെയാണ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലാക്കിയത്. പുടിനും പ്രോട്സെങ്കോവും ഹസ്തദാനം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ആസ്ട്രേലിയയിൽ പുതിയ കേസുകളുടെ വർദ്ധന ഒൻപത് ശതമാനമായി കുറഞ്ഞു.
ബ്രിട്ടനിൽ മരണനിരക്ക് കുറഞ്ഞെങ്കിലും രോഗികളുടെ എണ്ണത്തിൽ (25109) കുറവില്ല.
റഷ്യയിൽ വ്യാജ പ്രചാരണത്തിനും നിയമലംഘനത്തിനും കടുത്ത ശിക്ഷ നൽകാനുള്ള നിയമനിർമ്മാണത്തിന് പാർലമെന്റ് അംഗീകാരം.
ഇറാനിൽ 24 മണിക്കൂർ കൊണ്ട് 3000ത്തിലധികം കേസ്. മരണവും മൂവായിരത്തിനടുത്തെത്തി.
ഉപരോധ ഇളവുകളിലൂടെ ആദ്യമായി യൂറോപ്യൻ രാജ്യങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു.
ഇന്തോനേഷ്യയിൽ അടിയന്തരാവസ്ഥ.
ചൈനയിൽ വിദേശത്ത് നിന്നെത്തിയ 48 പേർക്ക് രോഗം സ്ഥിരീകരിച്ചു. സാധാരണ നിലയിലായ വുഹാനിൽ നിന്ന് ഏപ്രിൽ എട്ടിന് വിമാന സർവീസ് പുനരാരംഭിക്കും.
ജർമ്മനി, ദക്ഷിണ കൊറിയ, സ്വിറ്റ്സർലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ രോഗം പടരുന്നു.
15 ദിവസത്തെ സാമൂഹിക അകലം പ്രഖ്യാപിച്ച് വിയറ്റ്നാം
ഫ്രാൻസിൽ മാർപാപ്പയുടെ വികാരി ജനറലായ കർദിനാൾ ആഞ്ജലോ ഡി ഡോനാട്ടിസിന് കൊവിഡ് 19.
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ അംഗമായിരുന്ന ഇന്ത്യൻ വംശജൻ സൂരജ് പട്ടേലിനും ഗായിക കയ്ലി ഷോറിനും രോഗം സ്ഥിരീകരിച്ചു
മെക്സിക്കൻ അതിർത്തിയിൽ കർശന നിയന്ത്രണം
ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം.