geetha

@ എയിഡ്സ് ഗവേഷണത്തിൽ പ്രശസ്ത

ജോഹന്നസ്ബ‌ഗ്: ഇന്ത്യൻ വംശജയും ലോകപ്രശസ്ത വൈറോളജിസ്റ്റും വാക്സിൻ ശാസ്‌ത്രജ്ഞയുമായ പ്രൊഫ. ഗീതാ റാംജി കൊവിഡ് ബാധിച്ച് മരണമടഞ്ഞു. അൻപത് വയസായിരുന്നു. എയ്‌ഡ്സ് തടയാനുള ഗവേഷണങ്ങളിലും ലോകത്തെ മുൻനിര ശാസ്‌ത്രജ്ഞയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയാണ്.

ഒരാഴ്‌ച മുൻപ് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ അവർക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. രണ്ട് ദിവസം മുമ്പ് പൊടുന്നനെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ എയിഡ്സ് പ്രിവൻഷൻ റിസർച്ച് യൂണിറ്റിന്റെ ഡയറക്ടറും ക്ലിനിക്കൽ ട്രയൽസ് യൂണിറ്റിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായിരുന്നു ഗീതാ റാംജി. ഡർബൻ ആയിരുന്നു പ്രവർത്തന കേന്ദ്രം.

എയിഡ്സ് പ്രതിരോധത്തിന് നൂതന രീതികൾ കണ്ടെത്തിയ ഗവേഷണങ്ങൾക്ക് 2018ൽ യൂറോപ്യൻ ക്ലിനിക്കൽ ട്രയൽസ് പാർട്ണർഷിപ്പ് ഗീതാ റാംജിക്ക് മികച്ച ശാസ്‌ത്രജ്ഞയ്‌ക്കുള്ള അവാർഡ് സമ്മാനിച്ചിരുന്നു. ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ പൗരനും ഫാർമസിസ്റ്റുമായ പ്രവീൺ റാംജിയാണ് ഭർത്താവ്.

ഗീതയുടെ സംസ്‌കാരച്ചടങ്ങുകൾ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ് ഭീതിയിൽ ദക്ഷിണാഫ്രിക്കയിൽ പ്രസിഡന്റ് സിറിൽ റാംഫോസ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ശവസംസ്‌കാരച്ചടങ്ങുകൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്.

ദക്ഷിണാഫ്രിക്കയിൽ

അഞ്ച് മരണം

കൊവിഡ് ബാധിച്ച് അഞ്ച് പേർ മരിച്ച ദക്ഷിണാഫ്രിക്കയിൽ ഇതുവരെ 1400 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരുടെ പതിനായിരം സംഘങ്ങൾ രാജ്യമെമ്പാടും വീടുകൾ കയറിയിറങ്ങി കൊവിഡ് പരിശോധന നടത്തുകയാണ്.വർണവിവേചനത്തിന്റെ കാലത്ത് കറുത്തവർഗക്കാർക്കു വേണ്ടി സൃഷ്‌ടിച്ച ടൗൺഷിപ്പുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്. സാമൂഹ്യ അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള അവിടെ രോഗം പരക്കാൻ സാദ്ധ്യത ഏറെയാണ്.