വാഷിംഗ്ടൺ: അമേരിക്കയിൽ വരാനിരിക്കുന്നത് വേദനാജനകമായ ആഴ്ചകളാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ള അമേരിക്കയിൽ ഇതുവരെ 1,88,578 ലധികം പൊസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4,054 പേർ മരിക്കുകയും ചെയ്തു.
"വരുന്ന രണ്ടാഴ്ചക്കാലം വലിയ വേദനകൾ ഉണ്ടാകാൻ പോകുകയാണ്. നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം. ബുദ്ധിമുട്ടേറിയ ദിനങ്ങളെ നേരിടാൻ എല്ലാ അമേരിക്കാരും തയ്യാറായിരിക്കണം.’’- ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കയാവും അടുത്ത കൊവിഡ് ആഘാത മേഖലയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്ക് നഗരത്തിൽ ഉൾപ്പെടെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്.
സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ പാലിച്ചാലും അമേരിക്കയിൽ ഒരു ലക്ഷം മുതൽ 2.4 ലക്ഷം പേർ വരെ മരിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 30 വരെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. കർശനമായി നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ 15 ലക്ഷം മുതൽ 22 ലക്ഷം വരെ ആളുകൾ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു.