കൊച്ചി: അടുക്കള ബഡ്‌ജറ്റിന് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില ഇന്നലെ 61മുതൽ 65 രൂപവരെ കുറച്ചു. കേരളത്തിൽ ശരാശരി 63 രൂപയാണ് കുറഞ്ഞത്.
രാജ്യാന്തര ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ എൽ.പി.ജി വിലയും കുറച്ചത്. മാർച്ചിൽ 53 രൂപ കുറച്ചിരുന്നു. ഫെബ്രുവരിയിൽ 146.50 രൂപ കൂട്ടിയശേഷമാണ് തുടർച്ചയായി രണ്ടുമാസം വില കുറച്ചത്.
ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കിൽ ലഭിക്കുന്നത്. സബ്സിഡി സിലിണ്ടറും വിപണി വിലയ്ക്ക് തന്നെയാണ് കിട്ടുക. സബ്‌സിഡി തുക പിന്നീട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. 12 എണ്ണത്തിനുശേഷം ബുക്ക് ചെയ്യുന്ന
സിലിണ്ടറുകൾക്ക് സബ്‌സിഡിയില്ല. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,381.50 രൂപയിൽ നിന്ന് 1,285 രൂപയായും കുറച്ചിട്ടുണ്ട്.
സിലിണ്ടർ വില
തിരുവനന്തപുരം- ₹741.50
കൊച്ചി- ₹796.50
കോഴിക്കോട്- ₹745
ഡിമാൻഡ് 200%
ലോക്ക് ഡൗൺ മൂലം ജനങ്ങൾ വീട്ടിൽത്തന്നെ കഴിയുന്നതിനാൽ എൽ.പി.ജി സിലിണ്ടറിന്റെ ഡിമാൻഡ് കൂടി. ഇന്ത്യൻ ഓയിലിന്റെ കണക്കുപ്രകാരം ലോക്ക് ഡൗൺ കാലയളവിലെ ബുക്കിംഗ് വർദ്ധന 200 ശതമാനമാണ്.