joby-justin

ലോക്ക് ഡൗൺ ജീവിതത്തെക്കുറിച്ച് ഇന്ത്യൻ ഫുട്ബാൾ താരം ജോബി ജസ്റ്റിൻ

തിരുവനന്തപുരത്തായാലും കൊൽക്കത്തയിലായാലും അൽപ്പസമയം വെറുതെകിട്ടിയാൽ തന്റെ സൈക്കിളുമായി ചുറ്റാനിറങ്ങുന്നതായിരുന്നു ജോബി ജസ്റ്റിന്റെ ഹോബി.എന്നാൽ ഇപ്പോൾ തിരുവനന്തപുരം വെട്ടുകാടുള്ള തന്റെ വീട്ടിൽ ലോക് ഡൗണിൽ പെട്ടിരിക്കുകയാണ് കക്ഷി.

ഐ.എസ്.എൽ ഫൈനലിൽ എ.ടി.കെയെ ചാമ്പ്യന്മാരാക്കിയ ശേഷം നാട്ടിൽ വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനായെത്തിയതാണ് ജോബി.എന്നാൽ ഇതുവരെ വീട്ടിൽ നിന്നൊന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പം സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് വീട്ടിൽത്തന്നെ. ആദ്യത്തെ രണ്ടു മൂന്നുദിവസം വലിയ പ്രയാസമൊന്നും തോന്നിയില്ല.എന്നാൽ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയാണ്. ഇത്രയും കാലത്തിനിടയിൽ ഇങ്ങനെ വെറുതെയിരുന്ന സമയമില്ല. ഇടയ്ക്ക് രാത്രിയിലൊരു സൈക്കിൾ കറക്കം പ്ളാൻ ചെയ്തെങ്കിലും നിയമം തെറ്റിക്കുന്നത് ശരില്ലെന്ന് തോന്നി അതുപേക്ഷിച്ചു. സൈക്കിൾ പൂട്ടി പോർച്ചിൽ വച്ചിട്ടുണ്ട്.

ഒാഫ് സീസണായതിനാൽ ഇപ്പോൾ വലിയ പരിശീലനം നടത്തേണ്ട കാര്യമില്ല.തടികൂടാതിരിക്കാനുള്ള ചില്ലറ വ്യായാമങ്ങൾ വീട്ടിലിരുന്നു തന്നെ ചെയ്യുന്നു. എ.ടി.കെ ക്ളബിലെയും ഇന്ത്യൻ ടീമിലെയും കൂട്ടുകാരുമായി ഫോണിലും സോഷ്യൽ മീഡിയയിലുമാണ് ബന്ധപ്പെടുന്നത്. ഒരുമിച്ച് ഫുട്ബാൾ കളിച്ചിരുന്നവർ ഇപ്പോൾ പബ്‌ജി കളിക്കുകയാണെന്ന് ചെറുചിരിയോടെ ജോബി പറയുന്നു. കൊവിഡ് 19തിനെതിരായ പോരാട്ടത്തിന് ഇന്ത്യൻ ക്യാപ‌്ടൻ സുനിൽ ഛെത്രിയുടെ നേതൃത്വത്തിൽ വീട്ടിലിരിക്കുന്ന കളിക്കാരെല്ലാം ചേർന്ന് നല്ലൊരുതുക സമാഹരിച്ചുനൽകി.വെട്ടുകാട് വാട്ട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ ജീവിതം തകർന്നവരെ സഹായിക്കാനുള്ള ശ്രമത്തിന്റെ പിന്നണിയിലും ജോബി ഉണ്ടായിരുന്നു.

എ.ടി.കെ ക്ളബിലെ തന്റെ കൂട്ടുകാരനും ഗോൾകീപ്പറുമായ ധീരജ് സിംഗ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നാട്ടിലെ ഒാട വൃത്തിയാക്കാൻ ഇറങ്ങിയതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള സാമൂഹ്യപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാനും ജോബിക്ക് താത്പര്യമുണ്ട്. പരിശീലകൻ അന്റോണിയോ ഹബാസടക്കം എ.ടി.കെയിലെ നിരവധിപ്പേരാണ് കൊവിഡ് 19 ഭീകരതാണ്ഡവമാടുന്ന സ്‌പെയ്‌നിലുള്ളത്. അവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. ഇന്ത്യയിൽ നിന്ന് ചെന്നതിനാൽ എല്ലാവരും ഹോം ക്വാറന്റൈനിലാണ്. ഫോണിൽ ബന്ധപ്പെടുമ്പോൾ സേഫാണെന്ന് മറുപ‌ടി ലഭിക്കുന്നതിൽ ആശ്വാസം.

വലിയൊരു പരീക്ഷണഘട്ടമാണിത്. ഇൗ വെല്ലുവിളി അതിജീവിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അക്ഷരം പ്രതി അനുസരിക്കുക.നമ്മുടെ സ്വാതന്ത്യത്തേക്കാൾ വലുതാണ് മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശം.

- ജോബി ജസ്റ്റിൻ