ബംഗളൂരു : കൊറോണ വൈറസ് പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് എൻ 95 മാസ്ക്കുകൾ. വൈറസ് വ്യാപനം കൂടിയതോടെ മാസ്ക്കുകൾക്ക് ആവശ്യക്കാർ ഏറെയായി. ഈ സാഹചര്യത്തിലാണ് ബംഗളൂരു വിപണികളിൽ വ്യാജ എൻ 95 മാസ്ക്കുകൾ ഇറങ്ങി തുടങ്ങിയത്. ഇതിൽ നിന്നും 12000 വ്യാജ എൻ 95 മാസ്ക്കുകളാണ് ബംഗളൂരു പൊലീസ് പിടിച്ചെടുത്തത്. സാധാരണ തുണിയും മറ്റും ഉപയോഗിച്ച് നിർമ്മിച്ച മാസ്ക്കിൽ എൻ 95 എന്ന് വ്യാജ സീൽ പതിച്ചാണ് ഇരട്ടി വിലയ്ക്ക് വിൽക്കുന്നത്. 200 മുതൽ 1000 രൂപ വരെ വിലയുളള ഇത്തരം മാസ്ക്കുകൾ ഒൺലെെൻ സൈറ്റുകളിലും സുലഭമാണ്.
പനിയും ചുമയും മറ്റു രോഗ ലക്ഷണങ്ങൾ ഉളളവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്ക്ക് ഉപയോഗിച്ചാൽ മതിയെന്നാണ് അധികൃതർ പറഞ്ഞിട്ടുളളത്, എന്നാൽ എല്ലാവരും മാസ്ക്ക് വാങ്ങി കൂട്ടുന്നതാണ് വിപണിയിൽ വ്യാജൻ ഇറങ്ങാൻ കാരണമാകുന്നത്. മാസ്ക്കിന് മാത്രമല്ല വ്യാജനുളളത്. സിറ്റിയുടെ മറ്റൊരു ഭാഗത്ത് നിന്ന് 8500 വ്യാജ സാനിറ്റൈസറും ബംഗളൂരു പൊലീസ് പിടികൂടി. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബംഗളൂരു സിറ്റിയിൽ ലഹരി മാഫിയയുടെ പ്രവർത്തങ്ങൾ കൂടി വരികയാണ്.