thomas-david

പത്തനംതിട്ട: കൊവിഡ് 19 ബാധിച്ച് ഇലന്തൂർ വാര്യാപുരം ആലുനിൽക്കുന്നതിൽ കുഴിക്ക് വീട്ടിൽ തോമസ് ഡേവിഡ് (43) ന്യുയോർക്കിൽ മരിച്ചു. ന്യുയോർക്ക് മെട്രോ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു .

രണ്ടാഴ്ച മുമ്പ് കടുത്ത പനിയെ തുടർന്ന് ഡോക്ടറെ കണ്ട തോമസിന് മരുന്ന് നൽകിയ ശേഷം വിശ്രമം നിർദ്ദേശിച്ച് മടക്കിയയച്ചിരുന്നു. അന്ന് സാമ്പിളുകൾ പരിശോധിച്ചില്ല. ഇക്കഴിഞ്ഞ 23ന് ആരോഗ്യനില വീണ്ടും മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . സാമ്പിൾ പരിശോധനയിൽ കൊവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം ന്യുയോർക്കിൽ സംസ്കരിച്ചു.

ഇദ്ദേഹത്തിന്റെ ഭ്യര്യയ്ക്കും മക്കൾക്കും രോഗം ഇല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 35 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ് താേമസും കുടുംബവും. ഫ്രാങ്ക്‌ലിൻ സ്‌ക്വയറിലെ സെന്റ് ബേസിൽ ഓർത്തഡോക്‌സ് ചർച്ച് അംഗമാണ്. ന്യുയോർക്കിൽ റെയിൽവെ ജീവനക്കാരനായിരുന്ന എ.ജെ.ഡേവിഡിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഇവരുടെ അറുപതോളം വരുന്ന ബന്ധുക്കൾ വർഷങ്ങളായി ന്യുയോർക്കിലാണ് താമസം.

കുടുംബവുമൊത്ത് രണ്ട് വർഷം മുമ്പാണ് താേമസ് അവസാനമായി നാട്ടിലെത്തിയത്. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിനി സൈജുവാണ് ഭാര്യ. മക്കൾ: മേഘ (15), നിയ (12), എലൈന (9).