ജനീവ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19 എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
വൈറസ് എല്ലാ രാജ്യങ്ങളേയും ബാധിച്ചതോടെ ഇനി വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാകും. അത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. രാഷ്ട്രീയകളികൾ മാറ്റിവച്ച് പ്രതിസന്ധികളെ നേരിടാൻ മാനവരാശി ഒരുമിച്ച് നിൽക്കണം. ഐക്യരാഷ്ട്രസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ആരോഗ്യ അടിയന്തിരാവസ്ഥയാണ് ലോകം നേരിടുന്നത്. ആളുകളുടെ ജീവനെടുക്കുന്നതിന് പുറമെ ജന ജീവിതവും അത് താറുമാറാക്കി. സമൂഹത്തെ ആകെ പിടിമുറുക്കിയിരിക്കുന്ന ഒരു മാനുഷിക പ്രതിസന്ധിയാണിത്.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് രാജ്യങ്ങൾ പ്രവർത്തിക്കണം. പല രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ മാനിക്കുന്നില്ലെന്നും അവർക്ക് തോന്നിയത് പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ബാധയേയേും അതുണ്ടാക്കുന്ന സാമ്പത്തിക, സാമൂഹ്യ പ്രതിസന്ധിയേയും നേരിടാൻ ആവശ്യമായ ശ്രമം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.