തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 7969 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. അതിൽ 7256 എണ്ണവും രോഗബാധയില്ല എന്ന് ഉറപ്പാക്കായിട്ടുണ്ട്. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തർക്കു രോഗം മാറി. ആകെ 265 പേർക്കു രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
1,64,130 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,63,508പർ വീടുകളിലും 622 പേർ ആശുപത്രികളിലുമാണ്. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഇവരിൽ ഏഴുപേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർക്ക്. നെഗറ്റീവായത് 26. ഇവരിൽ നാല് പേർ വിദേശികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ-
കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത്. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകി.
സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും. അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകും.
മിൽമ പ്രതിസന്ധിയിൽ 1.80 ലക്ഷം ലിറ്റർ പാൽ മിച്ചമായി വന്നു. തമിഴ്നാടിനോട് പാൽപ്പൊടിയാക്കാനുള്ള സഹായം അഭ്യർത്ഥിച്ചു. അതിൽ ഇടപെടൽ ഉണ്ടായി. ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് അത് സ്വീകരിക്കാമെന്ന് അവിടെ നിന്ന് അറിയിച്ചു. കൂടുതൽ പാൽ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. ഇങ്ങിനെ വന്നാലും മിൽമയുടെ പക്കൽ പാൽ സ്റ്റോക്ക് ഉണ്ടാവും. അതിനാൽ നാളെ മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. ഇതിന്റെ ഭാഗമായി പാൽ കൂടുതലായി ജനങ്ങൾ വാങ്ങാൻ ശ്രമിച്ചാൽ ക്ഷീര കർഷകർക്ക് അത് ആശ്വാസമാകും. പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യും. മിച്ചം വരുന്ന പാൽ, സംസ്ഥാനത്ത് അങ്കൺവാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികൾക്ക് ക്യാംപുകളിൽ നൽകാനും നടപടി സ്വീകരിക്കും.
അതിഥി തൊഴിലാളികളിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊറോണ കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണ്.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ധാന്യം വീടുകളിൽ എത്തിക്കും. ക്വാറന്റീനിലുള്ളവർക്കുള്ള ക്ഷേമ പെൻഷൻ അവരുടെ ബാങ്കുകളിലെത്തിക്കും.
റോഡിൽ ഇന്ന് ആളുകൾ കുറഞ്ഞു. ലോക്ഡൗൺ പാലിക്കുന്നതിലെ കാർക്കശ്യം തുടരണം. അനാവശ്യമായി പുറത്തിറങ്ങിയ ആളുകളെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. 22,338 കേസുകൾ jജിസ്റ്റർ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12,783 വാഹനങ്ങൾ പിടിച്ചു. ഇനി ആലോചിക്കുന്നത് എപിഡമിക് ആക്ട് പ്രകാരം കേസ് എടുക്കുന്നതിനാണ്.
സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ഇന്ന് 2153 ട്രക്കുകൾ സാധനങ്ങളുമായി എത്തിയിട്ടുണ്ട്. കർണാടകയിലെ റോഡ് പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ചരക്ക് നീക്കം ഒഴിവാക്കണമെന്നു തന്നെയാണ് സർക്കാർ നിലപാട്.