ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലിന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി.
ജയിലിൽ കൊറോണ പടരാനുള്ള സാഹചര്യം ചൂണ്ടിക്കാട്ടിഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്റ്റ്യൻ മിഷേൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് ലിസ്റ്റ് ചെയ്യാത്തതിനെത്തുടർന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ് വിധി.
മിഷേലിന്റെ പ്രായവും മോശമായ ആരോഗ്യനിലയും അദ്ദേഹത്തിന് വൈറസ് ബാധ പിടിപെടാൻ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്, വിഷ്ണു ശങ്കർ എന്നിവരാണ് മിഷേലിന് വേണ്ടി ഹാജരായത്.
നിലവിൽ തിഹാർ ജയിലിലിലാണ് മിഷേൽ. കൊറോണയുടെ പശ്ചാത്തലത്തിൽ ജയിലിലെ 3000 തടവുകാരെ പരോളിലും ഇടക്കാല ജാമ്യത്തിലും വിട്ടയയ്ക്കാൻ കഴിഞ്ഞആഴ്ച തിഹാർ ജയിൽ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി ക്രിസ്റ്റ്യൻ മിഷേൽ കോടതിയെ സമീപിച്ചത്. കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് വിചാരണ കോടതി മിഷേലിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കോടതി പിരിഞ്ഞതിനാൽ നേരത്തെ മിഷേൽ സമർപ്പിച്ച റഗുലർ ജാമ്യാപേക്ഷയിൽ ഇതുവരെ കോടതി തീർപ്പുകൽപിച്ചിരുന്നില്ല.