മാർച്ചിൽ സമാഹരിച്ചത് ₹97,597 കോടി
ന്യൂഡൽഹി: ചരക്ക് - സേവന നികുതിയായി (ജി.എസ്.ടി) കഴിഞ്ഞമാസം സമാഹരിച്ചത് 97,597 കോടി രൂപ. 1.25 ലക്ഷം കോടി രൂപ സമാഹരിക്കുകയായിരുന്നു കേന്ദ്ര ലക്ഷ്യം. സമാഹരണം ഒരുലക്ഷം കോടി രൂപയ്ക്ക് താഴെയാകുന്നത് നാലുമാസത്തിന് ശേഷം ആദ്യമാണ്. ഫെബ്രുവരിയിൽ 1.05 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 19,183 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 25,601 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി 44,508 കോടി രൂപയും സെസ് ഇനത്തിൽ 8,306 കോടി രൂപയും ലഭിച്ചു. ആകെ 76.5 ലക്ഷം ജി.എസ്.ടി.ആർ-3ബി റിട്ടേണുകളും മാർച്ചിൽ സമർപ്പിക്കപ്പെട്ടു.
മാർച്ചിൽ സമാപിച്ച 2019-20 സമ്പദ് വർഷത്തിൽ ആകെ ജി.എസ്.ടി സമാഹരണം 12.2 ലക്ഷം കോടി രൂപയാണ്. 3.8 ശതമാനമാണ് വർദ്ധന. കഴിഞ്ഞവർഷം മൊത്തം ജി.എസ്.ടി ഇടപാടുകളിൽ എട്ടു ശതമാനം വർദ്ധനയുണ്ട്.