കോട്ടയം: പട്ടാപ്പകൽ സ്റ്റാൻഡിൽ നിന്ന് ബസുമായി കടന്നു ! വഴിയിൽ പൊലീസ് ചെക്കിംഗ് കണ്ട് ബസ് ഉപേക്ഷിച്ച് ഒരു കടയുടമയുടെ സ്കൂട്ടറുമായി മുങ്ങി. ലോക്ക് ഡൗൺ കാലത്ത് ഈ വിരുത് കാട്ടിയ കള്ളനെ തേടുകയാണ് കോട്ടയം പൊലീസ്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ഷാലിമാർ ബസാണ് നാഗമ്പടം സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ചത്. ലോക്ക് ഡൗൺ ആയതിനാൽ ദിവസങ്ങളായി ബസ് ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ബസുമായി നേരെ അയർക്കുന്നം ഭാഗത്തേക്ക് പോയ കള്ളൻ ഇടയ്ക്ക് പെട്രോൾ പമ്പുകാരെ പറ്റിച്ച് ഡീസലും നിറച്ചു. ഒരു ജാറിൽ നിറയെ പെട്രോളും വാങ്ങി. ബസ് ഉടമയെ അറിയാവുന്നതിനാൽ പണം ഉടമ തരുമെന്ന കള്ളന്റെ വാക്ക് പമ്പിലെ ജീവനക്കാർ വിശ്വസിക്കുകയായിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ അതാ പൊലീസ് ചെക്കിംഗ്. അതുകണ്ട് ബസ് റോഡരികിൽ നിറുത്തിയിട്ടു. തുടർന്ന് സമീപത്തെ കടയിൽ കയറിയ കള്ളൻ കൊവിഡ് പ്രതിരോധത്തിനായി സർക്കാരിന്റെ ഓട്ടം പോകാനുണ്ടെന്നും കണ്ടക്ടറെ വിളിക്കണമെന്നും കടക്കാരനെ വിശ്വസിപ്പിച്ചു. കണ്ടക്ടറോടെന്ന ഭാവത്തിൽ ആരെയോ ഫോൺ വിളിക്കുകയും ചെയ്തു. പൊലീസ് ചെക്കിംഗ് ഉള്ളതിനാൽ കണ്ടക്ടർക്ക് എത്താനാവില്ലെന്നും തന്റെ കൈയിലുള്ള പാസ് ഉപയോഗിച്ച് അയാളെ കൂട്ടിക്കൊണ്ട് വരാനായി കടയുടമയുടെ സ്കൂട്ടർ ആവശ്യപ്പെട്ടു. കടയ്ക്ക് മുന്നിൽ ബസ് കിടക്കുന്നതിനാൽ കടയുടമയ്ക്ക് തട്ടിപ്പ് പിടികിട്ടിയില്ല. സ്കൂട്ടർ കൊടുത്തുവിട്ടു.
സ്കൂട്ടറുമായി കടന്നയാൾ ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് തട്ടിപ്പ് മനസിലായത്. സ്കൂട്ടർ മോഷണത്തിന് ഗാന്ധിനഗർ സ്റ്റേഷനിലും ബസ് മോഷണത്തിന് ഈസ്റ്റ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.