യു.എസ് ഒാപ്പണും സംശയത്തിൽ
ബർമ്മിംഗ്ഹാം: കൊവിഡ് -19 ബ്രിട്ടനിലും മാറാവ്യാധിയായതോടെ ഇൗ വർഷത്തെ വിംബിൾഡൺ ടെന്നിസ് ചാമ്പ്യൻഷിപ്പ് റദ്ദാക്കേണ്ടിവരുമെന്ന് സംഘാടകരായ ആൾ ഇംഗ്ളണ്ട് ക്ളബ്. രണ്ടാം ലോക മഹായുദ്ധകാലത്തിന് ശേഷം ആദ്യമായാണ് വിംബിൾഡൺ മാറ്റിവയ്ക്കേണ്ടിവരുന്നത്.
ഇൗ വർഷത്തെ നാല് ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഒാപ്പൺ മാത്രമാണ് നടന്നത്. മേയ് അവസാന വാരവും ജൂൺ ആദ്യ വാരവുമായി നടക്കേണ്ട ഫ്രഞ്ച് ഒാപ്പൺ നേരത്തേ മാറ്റിവച്ചിരുന്നു.സെപ്തംബർ 20 മുതൽ ഒക്ടോബർ നാലുവരെ നടത്താനായാണ് ഫ്രഞ്ച് ഒാപ്പൺ മാറ്റിയിരിക്കുന്നത്. ജൂൺ 29 മുതലുള്ള രണ്ടാഴ്ചക്കാലത്തേക്കാണ് വിംബിൾഡൺ നിശ്ചയിച്ചിരുന്നത്. ഇൗ സമയത്ത് ഇംഗ്ളണ്ട് കൊവിഡിന്റെ പിടിയിൽ നിന്ന് മുക്തമാകുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് വിംബിൾഡൺ റദ്ദാക്കാൻ ആലോചിക്കുന്നത്.മാറ്റിവയ്ക്കാൻ നേരത്തേ ശ്രമിച്ചിരുന്നെങ്കിലും മറ്റൊരു ഉചിതമായ സമയം കിട്ടാൻ പ്രയാസമായി. പുൽക്കോർട്ടിൽ നടക്കുന്ന ഏക ഗ്രാൻസ്ളാം ടൂർണമെന്റാണ് വിംബിൾഡൺ.
അതേ സമയം ആഗസ്റ്ര് - സെപ്തംബർ മാസങ്ങളിൽ നടക്കാറുള്ള സീസണിലെ അവസാന ഗ്രാൻസ്ളാമായ യു.എസ് ഒാപ്പണും അനിശ്ചിതത്വത്തിലാണ്. ടൂർണമെന്റ് നടക്കേണ്ട ന്യൂയോർക്കിലെ സ്റ്റേഡിയം കൊവിഡ് ആശുപത്രി ആക്കിയിരിക്കുകയാണ് ഇപ്പോൾ.