മാള: കൊവിഡ് 19 പരിശോധനയുടെ രണ്ട് ഫലങ്ങളും നെഗറ്റീവായ ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കുഴൂർ തെക്കുംചേരി കൊടിയൻ ആന്റണി (55) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖമാണ് മരണത്തിനിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇയാൾ ഏതാനും ദിവസമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരിശോധനാ ഫലം രണ്ടും നെഗറ്റീവ് ആയതിനാൽ ഐസൊലേഷൻ വാർഡിൽ നിന്ന് സാധാരണ വാർഡിലേക്ക് മാറ്റിയിരുന്നു. ഒരു മാസം മുൻപാണ് വിദേശത്ത് നിന്ന് എത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതരോട് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ വിദേശത്ത് നിന്ന് എത്തി ഏറെ നാളായെന്നും നാട്ടുകാർ പറയുന്നു. അവിവാഹിതനായ ഇയാൾ ലോഡ്ജിലായിരുന്നു താമസം. ഏതാനും ദിവസം മുൻപ് വയറിളക്കവും ഛർദ്ദിയുമായാണ് മാള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത്.

തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് സാധാരണ വാർഡിലേക്ക് മാറ്റിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.