covid-19

ന്യൂഡൽഹി: കൊവിഡ് പൊട്ടിപ്പുറപ്പെട്ട മ‌ർക്കസ് മസ്ജിദിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ട്രെയിനുകളിലും മറ്റും പോയ ആയിരക്കണക്കിന് ആളുകളെ കണ്ടെത്താൻ അധികൃതർ പരക്കം പായുന്നതിനിടെ രണ്ടു ദിവസത്തിനുളിൽ 386 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

അതേസമയം,​ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 322 ആയി. സമ്മേളനത്തിൽ പങ്കെടുത്ത 1800 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

രോഗികളുടെ എണ്ണത്തിൽ പൊടുന്നനെയുണ്ടായ വർദ്ധന ആശങ്ക പരത്തിയിട്ടുണ്ട്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ വഴിയാണ് കൂടുതൽ പേരും രോഗികളായതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. സമ്മേളനത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ കേന്ദ്രം ഇന്നലെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത് ഈ പശ്ചാത്തലത്തിലാണ്. യാത്രക്കാരുടെ ലിസ്റ്റ് റെയിൽവേയും തയ്യാറാക്കുന്നുണ്ട്.

തബ്‌ലീഗ് സമ്മേളനത്തിന് ശേഷം യു.പിയിലെ അബ്ദുള്ള മോസ്കിലെത്തിയ ഒരു മലയാളിയെ അവിടെ നിരീക്ഷണത്തിലാക്കി.

നിസാമുദ്ദീനിലെ മർക്കസ് മസ്ജിദിലുള്ള എല്ലാവരെയും കഴിഞ്ഞ ദിവസം പുലർച്ചെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒഴിപ്പിച്ചു. പള്ളി അടച്ചു പൂട്ടുകയും അണുവിമുക്തമാക്കുകയും ചെയ്‌തു. ഒഴിപ്പിച്ചവരിൽ രോഗലക്ഷണമുള്ള 617 പേരെ ആശുപത്രികളിലാക്കി.

@ തമിഴ്‌നാട്ടിൽ 190 പേർ

തമിഴ്നാട്ടിൽ നിന്ന് തബ് ലീഗ് സമ്മേളനത്തിന് പോയി മടങ്ങിയെത്തിയ 190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 ജില്ലക്കാരാണ് ഇവർ. തമിഴ്നാട്ടിലെ ആകെ രോഗികൾ 234 ആയി.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചതും ഇന്നലെയാണ്. തമിഴ്‌നാട്ടിൽ നിന്ന് സമ്മേളനത്തിന് പോയ 1500 പേരിൽ 1,130 പേർ തിരിച്ചെത്തി.

@ കോവിഡ് ബാധിതരായ ആന്ധ്രപ്രദേശിലെ 70 പേരും അസമിലെ 5പേരും

ആൻഡമാനിലെ 10 പേരും തെലങ്കാനയിലെ 21 പേരും
ജമ്മുകാശ്‌മീരിലെ 23 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

@ ഉത്തർ പ്രദേശിൽ മലയാളിക്കൊപ്പം ഏഴ് ഇൻഡോനേഷ്യക്കാരും പശ്ചിമബംഗാളിൽ നിന്നുള്ള ഒരാളും നിരീക്ഷണത്തിലുണ്ട്. ഇവരുമായി സമ്പർക്കംപുലർത്തിയ 28പേരെയും ക്വാറൻറൈനിലാക്കി.

@ തെലങ്കാനയിൽ നിന്ന്1200ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനത്തിൽ പങ്കെടുത്ത11പേരെ റാഞ്ചിയിൽ ആശുപത്രിയിലാക്കി.പൂനെയിൽ നിന്ന് പോയ 130 പേരിൽ 60പേരെ ക്വാറൻറൈനിലാക്കി.

@ ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് വന്ന 62 പേർ കർണാടകം സന്ദർശിച്ചു. ഇതിൽ12പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. കർണാടകത്തിൽ നിന്ന് 342 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

@ ബീഹാറിൽനിന്ന് പങ്കെടുത്ത 81 പേരിൽ പലരും തിരിച്ചെത്തിയിട്ടില്ല. ഉത്തരാഖണ്ഡിൽ നിന്ന് പങ്കെടുത്ത 26പേരും ഡൽഹിയിൽ നിരീക്ഷണത്തിലാണ്.

@പുതുച്ചേരിയിൽ നിന്ന് പോയ 9പേരെ കണ്ടെത്തി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

അഞ്ച് ട്രെയിനുകൾ

5,​000 യാത്രക്കാർ

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്‌തത് പ്രധാനമായും അഞ്ച് ദീർഘദൂര ട്രെയിനുകളിലാണ്. മാർച്ച് 13 മുതൽ 19വരെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിനുകളിൽ സഞ്ചരിച്ച സമ്മേളന പ്രതിനിധികളിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് മറ്റ് യാത്രക്കാർക്ക് രോഗം പകർന്നിരിക്കാമെന്നാണ് ആശങ്ക.ഓരോ ട്രെയിനിലും 1000 - 1200 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.

ആ ട്രെയിനുകൾ

1. ആന്ധ്രയിലെ ഗുണ്ടൂരിലേക്കുള്ള ദുരന്തോ എക്‌സ്‌പ്രസ്

2.ചെന്നൈയിലേക്കുള്ള ഗ്രാന്റ് ട്രങ്ക് എക്‌സ്‌പ്രസ്

3.ചെന്നൈയിലേക്കുള്ള തമിഴ്‌നാട് എക്‌സ്‌പ്രസ്

4.ന്യൂഡൽഹി - റാഞ്ചി രാജധാനി എക്‌സ്‌പ്രസ്

5.ആന്ധ്രയിലേക്കുള്ള സമ്പർക്ക ക്രാന്തി എക്‌സ്‌പ്രസ്

ഇവയ്‌ക്ക് പുറമേ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലും ന്യൂഡൽഹി സ്റ്റേഷനിലും ദീർഘദൂര വണ്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ട്രെയിനുകളാണ് വരികയും പോവുകയും ചെയ്യുന്നത്. സമ്മേളനത്തിന് വന്നവർ ഈ ട്രെയിനുകളിലൊക്കെ യാത്രചെയ്‌തിരിക്കാം.