cbse

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ ഏപ്രിൽ 22ന് പുനരാരംഭിക്കുമെന്ന പ്രചരണം വ്യാജമെന്ന് സി.ബി.എസ്.ഇ. മാറ്റിവെച്ച പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയതായി ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

മാറ്റിവച്ച പരീക്ഷകൾ ഏപ്രിൽ 22 മുതൽ ആരംഭിക്കുമെന്ന പ്രചരണമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉണ്ടായത്. വ്യാജ സർക്കുലറായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയത്. ഏപ്രിൽ 25ന് മൂല്യനിർണയം ആരംഭിക്കുമെന്നും ഇതിൽ പറഞ്ഞിരുന്നു.

അതേസമയം, സുപ്രധാനങ്ങളായ 29 വിഷയങ്ങളിലായിരിക്കും സി.ബി.എസ്.ഇ ഇത്തവണത്തെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള പരീക്ഷകൾ നടത്തുകയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ നിശാങ്ക് വ്യക്തമാക്കി. ഉപരിപഠനത്തിന് ആവശ്യമുള്ള 29 വിഷയങ്ങളിലായിരിക്കും ഇവയെന്നും അദ്ദേഹം പറഞ്ഞു.